വായനാ മാസാചരണം: സ്‌കൂൾ വിദ്യാർഥികൾക്കായി മത്സരങ്ങൾ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവ സംയുക്തമായി വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പുസ്തകത്തിനൊരു കത്ത്, കാരിക്കേച്ചർ രചന, കവർ പേജ് രൂപകൽപന എന്നിവയിലാണ് മത്സരം.
പുസ്തകത്തിനൊരു കത്ത്: വായനയോടുള്ള വ്യക്തിഗത ബന്ധം പ്രകടിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പുസ്തകത്തിനൊരു കത്ത് എഴുതുക. കത്ത് പുസ്തകത്തിലെ ഒരു കഥാപാത്രത്തിനോ എഴുത്തുകാരനോ ആവാം. എൽപി, യുപി വിദ്യാർഥികൾക്കാണ് മത്സരം.
കാരിക്കേച്ചർ രചന: തെരഞ്ഞെടുക്കപ്പെട്ട ഒരു പുസ്തകത്തിലെ കഥാപാത്രങ്ങളെ, അതിന്റെ സവിശേഷതകൾ ഉൾപ്പെടുത്തിയുള്ള കാരിക്കേച്ചർ രചന മത്സരം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള മത്സരം.
കവർ പേജ് ഡിസൈൻ മത്സരം: തെരഞ്ഞെടുക്കപ്പെട്ട ഒരു പുസ്തകത്തിന്റെ കവർ പേജ് ഡിസൈൻ ചെയ്യുക. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള മത്സരം.
സ്‌കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട രചനകൾ പ്രധാനധ്യാപകർ സാക്ഷ്യപ്പെടുത്തി ജൂലൈ 11നകം ബിആർസികളിൽ ഏൽപ്പിക്കേണ്ടതാണ്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവ ജില്ലാതലത്തിൽ പരിഗണിക്കും.
മൂന്ന് മത്സരങ്ങൾക്കുമായി പരിഗണിക്കേണ്ട പുസ്തകങ്ങൾ ഇവയാണ്: ഖസാക്കിൻെ ഇതിഹാസം (ഒ വി വിജയൻ), രണ്ടാമൂഴം (എംടി വാസുദേവൻ നായർ), പാത്തുമ്മയുടെ ആട് (വൈക്കം മുഹമ്മദ് ബഷീർ), മഴുവിന്റെ കഥ (ബാലാമണിയമ്മ), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം. മുകുന്ദൻ), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പത്മനാഭൻ), ഉണ്ണിക്കുട്ടന്റെ ലോകം (നന്തനാർ), കുഞ്ഞുണ്ണിയും കൂട്ടുകാരും (പി. നരേന്ദനാഥ്), ഉതുപ്പാന്റെ കിണർ (കാരൂർ), സവാരി (നന്തനാർ), ഐരാവതം (ഉറൂബ്), അ എന്ന വേട്ടക്കാരൻ (സക്കറിയ), മാഞ്ചുവട്ടിൽ (തകഴി), പഞ്ചതന്ത്രകഥകൾ (വിഷ്ണുശർമ്മ), വലിയ കുട്ടിക്കവിതകൾ (കുഞ്ഞുണ്ണി), പഠിക്കാൻ പഠിക്കാം (പ്രൊഫ. എസ്. ശിവദാസ്), മുല്ലാ നാസറുദ്ദീന്റെ കുസൃതികൾ (എംഎൻ കാരശ്ശേരി), അത്ഭുത നീരാളി (കെവി രാമനാഥൻ), എന്റെ കുട്ടിക്കാലം (ചാർലി ചാപ്ലിൻ), ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ (ആൻ ഫ്രാങ്ക്), റാം c/o ആനന്ദി (അഖിൽ പി. ധർമ്മജൻ), ആടുജീവിതം (ബെന്യാമിൻ), മീശ (എസ് ഹരീഷ്), ആരാച്ചാർ (കെആർ മീര), ഇക്കിഗായ് (ഹെക്റ്റർ ഗാർസ്യ, ഫ്രാൻസെസ്‌ക് മിറായെസ്).
- Log in to post comments