Skip to main content

നെറ്റ് സീറോ എമിഷന്‍ പദ്ധതി കുടുംബശ്രീക്ക് ഇ സൈക്കിളുകള്‍ മന്ത്രി എം.ബി. രാജേഷ് ചൊവ്വാഴ്ച വിതരണം ചെയ്യും

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കുമെന്ന് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. 

മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി സംയോജിച്ച് 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ നല്‍കുന്നത്. കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാ ചെലവ് കുറയ്ക്കല്‍, മറ്റു വരുമാന വര്‍ദ്ധനവ് എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമീണ സി ഡി എസുകളിലെ 350 വനിതകള്‍ക്കാണ് ഇ സൈക്കിളുകള്‍ നല്‍കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ കേരളം പദ്ധതിയുടെ ആദ്യഘട്ടമായി കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ.സൈക്കിളുകള്‍ നല്‍കുന്നത്. 

കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ വിജയികളായ കണ്ണൂര്‍ കുടുംബശ്രീ മിഷനെ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി ആദരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.വി.ജയന്‍ അറിയിച്ചു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ അധ്യക്ഷനാകും. 180 കുടുംബശ്രീ കലാകാരികളെ ചടങ്ങില്‍ ആദരിക്കും. കൂടാതെ മികച്ച ബഡ്സ് സ്‌കൂളിനുള്ള പുരസ്‌കാരം നേടിയ മട്ടന്നൂര്‍ പഴശ്ശിരാജാ ബഡ്സ് സ്‌കൂള്‍ , കുടുംബശ്രീ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സി.ഡി.എസ്., എ.ഡി.എസ്, അയല്‍ക്കൂട്ടം, എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ജിബിന്‍ സ്‌കറിയ, കെ.എന്‍.നൈല്‍, കെ.നിധിഷ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

date