കുണ്ടുചിറ പാലം: പദ്ധതിപ്രദേശം സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു
തലശേരി കുണ്ടുചിറയിൽ പുതിയ പാലം നിർമിക്കുന്ന സ്ഥലം നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. കിഫ്‌ബി സിഇഒ യുമായി സ്‌പീക്കർ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ ഭാഗമായാണ് എൻജിനീയർമാരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചത്. നാട്ടുകാരുടെ ചിരകാല സ്വപ്‌നമായ കുണ്ടുചിറ പുതിയപാലത്തിന്റെ ഭൂമിയേറ്റെടുക്കൽ നടക്കുകയാണ്. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തികൾ രണ്ട് ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ പാലം നിർമാണവും രണ്ടാം ഘട്ടത്തിൽ പാലത്തിന്റെ അനുബന്ധ റോഡിന്റെ വീതി കൂട്ടുകയും ചെയ്യും. പാലം കയറുന്നിടത്തും ഇറങ്ങുന്നയിടത്തും ഭൂമി അഡ്വാൻസ് പൊസെഷനെടുത്താൽ ടെൻഡർ നടപടികൾ ആരംഭിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. പാലം തുടങ്ങുന്ന ഇടത്തെ ഭൂവുടമകളുമായി സംസാരിച്ച് പാലത്തിന്റെ നിർമാണ പ്രവർത്തനം വൈകാതെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അനുബന്ധ റോഡ് കടന്നുപോകുന്ന പ്രദേശവാസികളുടെ യോഗം വരും ദിവസങ്ങളിൽ ചേരും. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കോയിലേരിയിൽ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി. സുജിത് കുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എസ്. അഭിലാഷ്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പിഡബ്ല്യുഡി ബ്രിഡ്ജസ് സബ് ഡിവിഷൻ കണ്ണൂർ അതോറിറ്റിയുടെ നേതൃത്വത്തിൽ യുഎൽസിസിക്കാണ് നിർമാണ ചുമതല. സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായാൽ വെെകാതെ തന്നെ പണി തുടങ്ങാൻ സാധിക്കും. നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിൽ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുക. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു കുണ്ടുചിറയിൽ ഗതാഗത യോഗ്യമായ ഒരു പാലം വരണമെന്നുള്ളത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. അനുബന്ധ റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയാകാത്തതിനാൽ കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് നിർമാണത്തിന് തടസ്സമായത്. പാലം യാഥാർഥ്യമാവുന്നതോടെ കൂത്തുപറമ്പ്, ഇരിട്ടി, കണ്ണൂർ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ പോകാൻ മാഹി, വടകര, പാനൂർ ഭാഗത്തു നിന്നും വരുന്നവർക്ക് തലശേരി ടൗണിൽ പ്രവേശിക്കാതെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. നിലവിൽ നാട്ടുകാർ നിർമിച്ച നടപ്പാലമാണിവിടെയുള്ളത്.
- Log in to post comments