*സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ സംഗമം*
ചേലക്കര ശ്രീമൂലം തിരുനാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സാക്ഷരതാ മിഷൻ പത്താം തരം ഹയർസെക്കൻഡറി തുല്യതാ പഠിതാക്കളുടെ സംഗമവും മുതിർന്ന പഠിതാക്കളെ ആദരിക്കലും കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു.
നിരക്ഷരത നിർമ്മാർജ്ജനം നാടിൻ്റ വികസനത്തിന് അനിവാര്യമാണെന്നും വിദ്യാഭ്യാസം സർട്ടിഫിക്കറ്റ് നേടുന്നതിലുപരി സമൂഹത്തിന്റെ നന്മയിലേക്ക് മനസ്സുതുറക്കൽ ആണെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. 1987 മുതൽ സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും 1998ൽ തുടക്കം കുറിച്ച തുടർവിദ്യാഭ്യാസ പദ്ധതിയുടെ തുടക്കം മുതൽ ഇപ്പോഴും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനമാണെന്നും എം പി കൂട്ടിച്ചേർത്തു.
മലയാള സാഹിത്യ അക്കാദമി അവാർഡ് നേടിയ തുല്യതാ അധ്യാപിക കൂടിയായ കവയിത്രി ശ്രീജ വിജയനെ എം പി ഉപഹാരം നൽകി ആദരിച്ചു. തുല്യതാ പഠിതാക്കളുടെയും അധ്യാപകരുടെയും മക്കളിൽ പത്താം തരം - ഹയർ സെക്കൻഡറി തലത്തിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെയും, അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ട്രെയിനർ ബാസ്റ്റ്യൻ ജോസിൻ്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
സാക്ഷരതാ മിഷൻ തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ഡോ മനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ജി മായ, സെൻറർ കോഡിനേറ്റർ സി എസ് സജീവൻ അധ്യാപകരായ ഷിംന മനോജ്, എം ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments