Skip to main content
ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ 'സഞ്ചരിക്കുന്ന റേഷന്‍കട'

ഉന്നതികളില്‍ ഓടിയെത്തി റേഷന്‍കട; ഇതുവരെ വിതരണം ചെയ്തത് 2,98,096 കിലോ ഭക്ഷ്യധാന്യം

ജില്ലയിലെ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതി ജനകീയമാകുന്നു. 2,98,096 കിലോ ഭക്ഷ്യധാന്യം ഇതുവരെ അര്‍ഹരുടെ കയ്യിലെത്തി.
സമീപ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ഉന്നതിയിലെ നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് ജില്ലയില്‍ 2018 ല്‍ തുടക്കമായി.
റാന്നി, കോന്നി താലൂക്കുകളിലെ 11 ഉന്നതികളിലായി 886 കുടുംബങ്ങള്‍ക്ക് പദ്ധതി തണലേകുന്നു. അടിച്ചിപ്പുഴ, കരികുളം, ചൊള്ളനാവയല്‍, കുറുമ്പന്‍ മൂഴി, മണക്കയം, അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ഒളികല്ല് ഉന്നതികളിലെ 849 കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നു. കോന്നിയിലെ കാട്ടാത്തിപ്പാറ ഗിരിജന്‍ കോളനി, സായ്പ്പിന്‍ കുഴി ഉന്നതികളിലെ 37 കുടുംബങ്ങളും ഗുണഭോക്തക്കളാണ്. വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷന്‍കട യാഥാര്‍ഥ്യമായത്.
സഞ്ചരിക്കുന്ന ആറ് റേഷന്‍കടകളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ സാധനങ്ങള്‍ എത്തിക്കും. അരി, ഗോതമ്പ്, ആട്ട, പഞ്ചസാര എന്നിവയാണ് വിതരണം ചെയ്യുന്നത്. കൃത്യമായ അളവും തൂക്കവും ഉറപ്പാക്കി റേഷനിംഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് വിതരണം. അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കാണ് ചുമതല.
അതിദരിദ്ര നിര്‍മാര്‍ജനം ലക്ഷ്യമിട്ട് വകുപ്പിന്റെ നേതൃത്വത്തില്‍ 'ഒപ്പം' പദ്ധതിയും നിലവിലുണ്ട്.  
നേരിട്ട് റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ക്ക് ഓട്ടോ തൊഴിലാളികളിലൂടെ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്നതാണ് പദ്ധതി. മല്ലപ്പള്ളി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി മൂന്ന് ഗുണഭോക്താക്കള്‍ ഈ പദ്ധതിയിലുണ്ട്. അതിദരിദ്രവിഭാഗത്തില്‍പ്പെട്ട 275 പേര്‍ക്ക് ഇതുവരെ മുന്‍ഗണന കാര്‍ഡ് നല്‍കി. 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലൂടെ  33 റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്കും 'തെളിമ' പദ്ധതിയിലൂടെ ബിപിഎല്‍ അപേക്ഷകളില്‍ 48 റേഷന്‍കാര്‍ഡ് പിഎച്ച്എച്ച് വിഭാഗത്തിലേക്കും മാറ്റി. 'വിശപ്പുരഹിത കേരളം' പദ്ധതിയിലൂടെ അടൂര്‍, തിരുവല്ല, റാന്നി, കോന്നി താലൂക്കുകളില്‍ മിതമായ നിരക്കില്‍ സുഭിക്ഷ ഹോട്ടലുകളിലൂടെ ഉച്ചഭക്ഷണം നല്‍കുന്നു.

 

date