1.37 കോടി രൂപയില്‍ നവീകരിച്ച കൊണ്ടോട്ടി ബസ് സ്റ്റാന്റ് കെട്ടിടം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും
സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയും നഗരസഭയുടെ മറ്റ് പദ്ധതികളും ഉള്‍പ്പെടുത്തി 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് കെട്ടിടം ഇന്ന് (ചൊവ്വ) നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4.30ന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷനാവും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.കെ. ബഷീര്‍, പി. ഉബൈദുള്ള, ആര്യാടന്‍ ഷൗക്കത്ത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍, നഗരസഭാ സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ. സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊണ്ടോട്ടി പട്ടണത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിച്ചത്. വിശാലമായ ഇരിപ്പിടങ്ങള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ വിശ്രമ മുറിയും മുലയൂട്ടല്‍ കേന്ദ്രവും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍, കോഫി ഹൗസ്, പൊലീസ് ഹെഡ് പോസ്റ്റ്, നഗരസഭയുടെ ഫ്രണ്ട് ഓഫീസ് എന്നിവ ഉള്‍പ്പെടുത്തിയാണ് ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്. ഏറെ തിരക്കുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്കും ബസുകള്‍ക്കും അസൗകര്യങ്ങളില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന ബസ് സ്റ്റാന്റില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകും. രണ്ട് നിലകളിലായുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ മുകളിലെ നിലയിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശ്രമമുറിയും കൈകുഞ്ഞുങ്ങളുമായെത്തുന്ന യാത്രക്കാര്‍ക്ക് മുലയൂട്ടലിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ശുചിമുറി സൗകര്യങ്ങളും ലഭ്യമാണ്.
കൊണ്ടോട്ടി നഗരസഭയുടെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിലേക്ക് മാറുന്നതോടെ ദൈനം ദിനം വിവിധ ആവശ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി നഗരസഭയിലെത്തുന്നവര്‍ക്ക് ഈ സേവനം ഏറെ ഉപകാരപ്രദമാവും. ഇതോടൊപ്പം നഗരസഭയില്‍ അടക്കേണ്ട വിവിധ നികുതികളും അടക്കുന്നതിനുള്ള സൗകര്യവും ലഭ്യമാവും.
- Log in to post comments