അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഏഴാംതരം തുല്യത, പത്താംതരം തുല്യത, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.
പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എൽ.സി പാസാകുന്നവരെ പോലെ ഉന്നതപഠനത്തിനും പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്. ഏഴാംതരം തുല്യത/ സ്‌കൂൾ തലത്തിലെ ഏഴാം ക്ലാസ് പാസായ 2025 മാർച്ച് 1 ന് 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോർഡുമാണ്.
പത്താം ക്ലാസ് പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ്ടു/ പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്ക് വച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്സിന് സമാനമായ വിഷയങ്ങൾ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ്ഡ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ്ഡ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്‌സാണ്. സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിർവഹണത്തിന് മലയാളം അറിയാത്ത ജീവനക്കാർക്കും കോഴ്സ് സഹായകരമാകും. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ ക്ലാസുകൾ. അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി.
ഏഴാം തരം തുല്യത കോഴ്സിലേക്കും അപേക്ഷിക്കാം. 4-ാം ക്ലാസ് വിജയിച്ചവരും, 5, 6, 7 ക്ലാസുകളിൽ നിന്നു കൊഴിഞ്ഞ് പോയവരുമായ 15 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ ഓഫീസുമായോ നഗരസഭയിലെ കൗൺസിലർമാരെയോ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ വാർഡ് കോഓർഡിനേറ്റർമാരെയോ സമീപിക്കാം. ഫോൺ: 8075047569.
പി.എൻ.എക്സ് 3023/2025
- Log in to post comments