Skip to main content

ബേപ്പൂര്‍ തുറമുഖത്തെ ഡ്രഡ്ജിങ് പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

 

ബേപ്പൂര്‍ പോര്‍ട്ടില്‍ ഡ്രഡ്ജിങ് നടത്തി കപ്പല്‍ ചാല്‍ ആഴം കൂട്ടല്‍ 2026 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. പദ്ധതിക്ക് 11.80 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഡ്രഡ്ജിങ് ആരംഭിച്ചപ്പോള്‍ ഹാര്‍ഡ് ലാറ്ററൈറ്റിന്റെ സാന്നിധ്യം കാരണം പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് മാരിടൈം ബോര്‍ഡ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത്പ്രകാരം ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് 82.80 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രവൃത്തി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശിപാര്‍ശയും സമര്‍പ്പിച്ചതായി തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കട്ടിപ്പാറ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 80 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചതായി വ്യവസായ-വാണിജ്യ വകുപ്പ് അറിയിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ രാരോത്ത് വില്ലേജിലെ 20.43 ഏക്കര്‍ ഭൂമിയില്‍ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവൃത്തിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട റോഡ്, അഴുക്കുചാല്‍, ഓവുചാല്‍, റീട്ടെയിനിങ് വാള്‍, റോഡ് മാര്‍ക്കിങ് എന്നിവ പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ ഓവര്‍ ഹെഡ് ടാങ്ക്, സമ്പ്, പമ്പ് റൂം, ചുറ്റുമതില്‍, ഫെന്‍സിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിവയും പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന പ്രവൃത്തികൂടി പൂര്‍ത്തിയായയുടന്‍ സ്ഥലം സംരംഭകര്‍ക്ക് അനുവദിക്കാന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് നോര്‍ത്തിലെ ഭട്ട് റോഡ് ബീച്ചില്‍ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ ഏഴ് കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതായും ഫണ്ട് ലഭ്യമായയുടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും ജലവിഭവ വകുപ്പ് അറിയിച്ചു. പദ്ധതിക്ക് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. മദ്രാസ് ഐഐടി നടത്തിയ പഠനത്തെ തുടര്‍ന്നാണ് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്.

ചേവായൂരിലെ ഡെര്‍മറ്റോളജി ആശുപത്രിയുടെ 20 ഏക്കര്‍ ഭൂമിയില്‍ അവയവ മാറ്റ ശസ്ത്രക്രിയ ആശുപത്രിയും തെങ്ങിലക്കടവ് കാന്‍സര്‍ ചികിത്സാ കേന്ദ്രവും ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

date