സുസ്ഥിര വികസനത്തിന്റെ തൃത്താല മാതൃക പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനം ഇന്ന് (മെയ് 27)
പ്രകൃതി സംരക്ഷണത്തിലൂടെ തൃത്താല നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് മന്ത്രി എം. ബി. രാജേഷ് ആവിഷകരിച്ച സുസ്ഥിര തൃത്താല പദ്ധതി ലക്ഷ്യത്തോടടുക്കുന്നു. സുസ്ഥിര തൃത്താലയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനം ഇന്ന് (മെയ് 27) രാവിലെ 10 മണിക്ക് പരുതൂര്‍ പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.
അഞ്ച് കോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നതിനുള്ള സൗകര്യമൊരുക്കല്‍, ചെറുനീര്‍ത്തട വികസന പദ്ധതി ഒന്നാം ഘട്ട പൂര്‍ത്തീകരണം, 50 പൊതുസ്ഥാപനങ്ങളിലെ കൃത്രിമ ഭൂജലപോഷണം,നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട്ടുകുളം നവീകരണം, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളറച്ചോല കുളം നവീകരണം,556 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി പുനരാരംഭിക്കല്‍ ഒരു ലക്ഷം തെങ്ങിന്‍തൈ നട്ടു പരിപാലിക്കല്‍,100 യൂണിറ്റ് ചെറുകിട കൂണ്‍ പുര,60 അങ്കണവാടികളിലെ കിണര്‍ റീച്ചാര്‍ജിങ്,575 വീടുകളിലെ കിണര്‍ റീച്ചാര്‍ജിങ്,100 കാര്‍ഷിക കുളങ്ങളുടെ പൂര്‍ത്തീകരണം,64 പൊതുകുളങ്ങളുടെ നവീകരണം,139 നീര്‍ച്ചാലുകളുടെ (117.50 കിലോമീറ്റര്‍) നവീകരണം,21 പച്ചത്തുരുത്തുകള്‍ (441 സെന്റ് ഭൂമിയില്‍),20 ഹരിത വാര്‍ഡുകള്‍, പ്രതിദിനം 500 കിലോവാട്ട് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളുടെ പ്രഖ്യാപനമാണ് നടത്തുന്നത്.
സുസ്ഥിര തൃത്താല പദ്ധതിയിലൂടെ ഭൂജല വകുപ്പ് മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഫീല്‍ഡ് പഠനം നടത്തി കൃത്രിമ ഭൂജല സംപോഷണം സാധ്യമായ 50 പൊതുസ്ഥാപനങ്ങളില്‍ അവ നടപ്പാക്കി. ഇതിലൂടെ പ്രതിവര്‍ഷം 1,05,69,400 ലിറ്റര്‍ മഴവെള്ളം റീചാര്‍ജ്ജ് ചെയ്യാനാകും.
എട്ട് ഗ്രാമപഞ്ചായത്തുകളില്‍ 107 കാര്‍ഷിക കുളങ്ങള്‍ പുതുതായി നിര്‍മ്മിച്ച് 2,00,13,600 ലിറ്റര്‍ മഴവെള്ളം അധികമായി ഭൂമിയില്‍ ആഴ്ന്നിറക്കാന്‍ അവസരം ഒരുക്കി. മണ്ഡലത്തിലെ 61 പൊതുകുളങ്ങള്‍ നവീകരിച്ച് 2,63,93,000 ലിറ്റര്‍ ജലസംഭരണശേഷി ഉറപ്പാക്കുന്നതിനും 139 നീര്‍ച്ചാലുകള്‍ നവീകരിച്ച് 107.33 കിലോമീറ്റര്‍ ദൂരം നീരൊഴുക്ക് സുഗമമാക്കുവാനും സാധിച്ചു. 398 പുതിയ കിണറുകള്‍ നിര്‍മ്മിച്ച് നല്‍കി. 575 വീടുകളില്‍ കിണര്‍ ചാര്‍ജിങ് പൂര്‍ത്തിയാക്കി 1,72,500 ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നതിന് സൗകര്യമൊരുക്കി.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 556 ഹെക്ടര്‍ സ്ഥലത്തു പുതുതായി നെല്‍ കൃഷി ആരംഭിക്കുവാനും 667 ടണ്‍ നെല്‍ അധികമായി ഉത്പാദിപ്പിക്കുവാനും സാധിച്ചു. കൃഷി വകുപ്പും മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഒരു ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടു പരിപാലിച്ചു വരുന്നു.
100 കര്‍ഷകര്‍ക്ക് 100 ബെഡ് വീതം കൂണ്‍ കൃഷി നടപ്പിലാക്കി പാലക്കാട് ജില്ലയിലെ ആദ്യ കൂണ്‍ ഗ്രാമമായി തൃത്താല മാറി. 27 ഏക്കറോളം സ്ഥലം സംയോജിത കൃഷിയിലേക്ക് അധികമായി കൊണ്ട് വരുന്നതിനും സാധിച്ചു. ഓണക്കാലത്തേക്ക് ആവശ്യമായ പച്ചക്കറി ഉല്‍പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് കുളങ്ങളുടെ നവീകരണം, തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണം, 11 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകള്‍ മുഖേനയുള്ള 1410 ഹെക്ടര്‍ പ്രദേശത്തെ ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ നടപ്പാക്കാനായി. കൂടാതെ നബാര്‍ഡ് ഫണ്ട് ലഭിക്കുന്നതിനായി 60 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.
മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ എട്ട് ചെറുനീര്‍ത്തടങ്ങളില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി രണ്ട് കോടി രൂപയുടെ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും രണ്ടാം ഘട്ടമായി 1.63 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി വരികയുമാണ്.
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 85 പൊതു കുളങ്ങളിലായി 53680 മത്സ്യ കുഞ്ഞുങ്ങളെയും, 21 പടുത യൂണിറ്റുകളില്‍ 11100 വരാല്‍ മത്സ്യ കുഞ്ഞുങ്ങളെയും, ഒമ്പത് പടുതകളിലായി 5000 വാള കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമാക്കി.
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ 20 പച്ചതുരുത്തുകള്‍,കാവുകള്‍ സജ്ജമാക്കുന്നതിനും 25 വാര്‍ഡുകള്‍ ഹരിതസമൃദ്ധി വാര്‍ഡുകളാക്കി മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മണ്ഡലാടിസ്ഥാനത്തിലും ജല ബജറ്റ് തയ്യാറാക്കി ജലബഡ്ജറ്റ് തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭാ നിയോജക മണ്ഡലമായി തൃത്താല മാറി. പാറ ക്വാറികളുടെ പുനരുപയോഗ സാധ്യതകള്‍ പ്രാവര്‍ത്തികമാകുന്നതിനായി മണ്ഡലത്തിലെ 28 പാറക്വാറികള്‍ കണ്ടെത്തി പഠന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി നടപ്പില്‍ വരുത്തുന്നതില്‍ ശുചിത്വ മിഷനു കിഴില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുവാന്‍ കഴിഞ്ഞു. കേവലം 50 ല്‍ താഴെ മിനി എംസിഎഫുകള്‍ മാത്രമുണ്ടായിരുന്ന മണ്ഡലത്തില്‍ എല്ലാ വാര്‍ഡിലും ഒരു മിനി എംസിഎഫ് എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു. വാര്‍ഡില്‍ കുറഞ്ഞത് രണ്ട് മിനി എംസിഎഫ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മണ്ഡലത്തിലെ പകുതിയിലധികം ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ 100 ശതമാനം യൂസര്‍ ഫീ കളക്ഷന്‍ കൈവരിക്കാനായയതും എല്ലാ വാര്‍ഡു കളും 50 ശതമാനത്തിനു മുകളില്‍ എത്തിക്കാനായി. ക്ലീന്‍ കേരള കമ്പനിയുടെ നേത്യത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നിഷ്‌ക്രിയ മാലിന്യം.തുണി മാലിന്യം, ചില്ല് മാലിന്യം, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ 281 ടണ്‍ ശേഖരിച്ച് നീക്കം ചെയ്തതിലൂടെ 16 ശതമാനം കാര്‍ബണ്‍ നെറ്റ് എമിഷന്‍ കുറയ്ക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു 3807 കിലോ വാട്ട് സൗരരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനായതിലൂടെ പരിസ്ഥിതി സൗഹൃദ മണ്ഡലം എന്ന ലക്ഷ്യവും കൈവരിക്കും. നാലുവര്‍ഷത്തിനിടെ കേരളത്തിന് തന്നെ മാതൃകയാകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സുസ്ഥിര തൃത്താല മുഖേന കഴിഞ്ഞിട്ടുണ്ട്.
- Log in to post comments