പാലാ ജനറൽ ആശുപത്രിയിൽ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്‌മെന്റ് സെന്റർ ആരംഭിച്ചു
കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിർവഹിച്ചു. പാലാ നഗരസഭാ അധ്യക്ഷൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണതകൾ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സിക്കാനുള്ള സംവിധാനമാണിത്.
പ്രമേഹം, ഹൃദ്‌രോഗം, കാൻസർ അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണ ക്രമം നിശ്ചയിക്കൽ, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാൻ സാധിക്കും. നഗരസഭയ്ക്ക് ലഭിച്ച ഹെൽത്ത് ഗ്രാൻഡ് 43 ലക്ഷം രൂപ വിനിയോഗിച്ചാണ് ചികിത്സാ വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
ജീവിതശൈലി രോഗ പരിശോധനകളെ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പാലാ ജനറൽ ആശുപത്രിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ സാർവത്രികമായി മാറുന്ന ഈ കാലഘട്ടത്തിൽ രോഗം പ്രാരംഭ ദിശയിൽത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കെയർ (എൻ.സി.ഡി )സെന്ററിന്റെ ലക്ഷ്യം. ഇവിടെ ഡയബറ്റിക് ഫ്യൂട്ട്, റെറ്റിനോപ്പതി, നെ ഫ്രോപ്പതി എന്നിവയിൽ അടിസ്ഥാന രോഗനിർണ്ണയങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിനോടൊപ്പം ഡയറ്റ്, പുകവലി നിർത്തൽ എന്നിവയ്ക്കായി കൗൺസിലിംഗും മെഡിക്കൽ കൺസൾട്ടേഷനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബയോ ടെസ്റ്റിയോ മീറ്റർ, ഹാൻസ് ഹെൽഡ് ഡോപ്പർ, ഫാറ്റ് ഇൻവെസ്സസ് മിഷീൻ, മെട്രിയാടിക് ക്യാമറ, മിനി സൈറോ മീറ്റർ എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങിൽ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ , നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, നഗരസഭാംഗങ്ങളായ പ്രൊഫ.സതീഷ് ചൊള്ളാനി,ജോസിൻ ബിനോ, ലീന സണ്ണി, സിജി പ്രസാദ്, സതി ശശികുമാർ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപവൻ, പി.കെ.ഷാജകുമാർ, ജോസ് കുറ്റിയാനിമറ്റo, ജയ്‌സൺ മാന്തോട്ടം, എൻ.രവികുമാർ ,പീറ്റർ പന്തലാനി,ആർ.എം.ഒ, ഡോ.എം.അരുൺ,ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ്, ഡോക്ടർമാരായ രേഷ്മാ സുരേഷ്, അനിതാ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
- Log in to post comments