മുൻഗണനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും
സംസ്ഥാന സർക്കാരിൻ്റെ മുൻഗണനാ പദ്ധതികളുടെ ജില്ലയിലെ പുരോഗതി അവലോകനം ചെയ്തു. ലൈഫ് മിഷൻ, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, അതിദാരിദ്ര്യ നിർമാർജനം, വിദ്യാകിരണം, മാലിന്യ മുക്ത കേരളം, ആർദ്രം, ഹരിത കേരള മിഷൻ എന്നീ പദ്ധതികളുടെ പ്രവർത്തന പുരോഗതിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മേഖലാ അവലോകന യോഗത്തിൽ വിലയിരുത്തിയത്. ജില്ലയിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകനത്തിന് ശേഷമാണ് മുൻഗണനാ പദ്ധതികൾ സംബന്ധിച്ച ചർച്ച നടന്നത്. മുൻഗണനാ പദ്ധതികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. പ്രത്യേക ശ്രദ്ധ പതിയേണ്ട പ്രശ്നങ്ങൾ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ ചൂണ്ടിക്കാട്ടി നിർദേശങ്ങൾ നൽകി.
*ലൈഫ് മിഷൻ*
ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ 2025 ജൂണ്‍ 25 വരെ 77.58% വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇടുക്കിയില്‍ 58219 അര്‍ഹരായവരില്‍ 32,222 പേരാണ് കരാറിലേര്‍പ്പെട്ടത്. ഇതില്‍ 30076 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 24998 വീടുകള്‍ പൂര്‍ത്തീകരിച്ചു. സെപ്തംബര്‍ മാസത്തില്‍ 25,695 വീടുകള്‍ പൂര്‍ത്തീകരിക്കാനാകും. മനസോടിത്തിരി മണ്ണ് ക്യാമ്പയിനില്‍ ജില്ലയില്‍ 21 സെന്റ് ഭൂമി ലഭ്യമായിട്ടുണ്ട്.
*മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി*
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (2.0) യില്‍പ്പെട്ട റോഡുകളുടെ നിര്‍മ്മാണം സെപ്തംബറില്‍ പൂര്‍ത്തിയാകും. ആകെയുള്ള 121 റോഡുകളില്‍ 103 റോഡുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. 71 റോഡുകള്‍ക്ക് കരാര്‍ നല്‍കി. 51 റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ആറ് റോഡുകള്‍ക്കാണ് സാങ്കേതികാനുമതി സംബന്ധിച്ച പ്രശ്‌നങ്ങളുളളത്. ഇത് ഉടന്‍ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
*അതിദാരിദ്ര്യ നിർമാർജനം*
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ജില്ലയിലെ അതിദരിദ്ര്യ കുടുംബങ്ങള്‍ക്ക് ഇപിഐപി കാര്‍ഡുകള്‍ വിതരണം ചെയ്തു. അവകാശ രേഖകളും ലഭ്യമാക്കി. വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രാ പാസും നല്‍കി. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ജില്ലയില്‍ 2665 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതില്‍ 1998 കുടുംബങ്ങള്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. 75% ആണ് പദ്ധതി നിര്‍വഹണ നിരക്ക്. സെപ്തബറില്‍ ജില്ലയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം 97% കൈവരിക്കാനാകും. അതിദരിദ്ര്യ വിഭാഗത്തില്‍ 242 കുടുംബങ്ങള്‍ക്കാണ് വീട് മാത്രം ആവശ്യമുള്ളവര്‍. ഇതില്‍ 169 കുടുംബളുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. അവേശേഷിക്കുന്നത് 73 വീടുകളുടെ പൂര്‍ത്തീകരണമാണ്. 79 കുടുംബങ്ങള്‍ക്കാണ് വസ്തുവും വീടും ആവശ്യമുള്ളത്. ഇതില്‍ 54 കുടുംബങ്ങള്‍ക്കാണ് ഇനി വസ്തു ലഭ്യമാക്കാനുള്ളത്. ഭവന പുനരുദ്ധാരണം ആവശ്യമുള്ള 176 കുടുംബങ്ങളില്‍ 143 കുടുംബങ്ങളുടെയും ഭവന പുനരുദ്ധാരണം പൂര്‍ത്തിയായി. സെപ്തംബറില്‍ പദ്ധതി പൂര്‍ത്തിയാകും.
*വിദ്യാകിരണം*
വിദ്യാകിരണം പദ്ധതിയില്‍ ഭൗതിക സൗകര്യ വികസനത്തിനായി ജില്ലയില്‍ 23 സ്‌കൂളുകളാണുള്ളത്. ഇതില്‍ 16 സ്‌കൂളുകളില്‍ നിര്‍മ്മാണം ആരംഭിച്ചു. സെപ്തംബറില്‍ പദ്ധതി നിര്‍വഹണം 69% കൈവരിക്കാനാകും. സ്‌കൂളുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സമഗ്ര ഗുണമേന്മ പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയിലെ 493 സ്‌കൂളുകളില്‍ സ്‌കൂള്‍തല യോഗങ്ങള്‍ നടത്തി. ശുചിത്വ വിദ്യാലയം ഹരിതവിദ്യാലയം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 493 സ്‌കൂളുകളില്‍ 484 സ്‌കൂളുകളില്‍ വിവരശേഖരണം പൂര്‍ത്തിയായി. 456 സ്‌കൂളുകളില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനമുണ്ട്. 452 സ്‌കൂളുകളില്‍ അജൈവ മാലിന്യ പരിപാലനം നിലവിലുണ്ട്. 395 സ്‌കൂളുകളില്‍ ഇ-മാലിന്യ പരിപാലന സംവിധാനമുണ്ട്. സെപ്തംബറില്‍ 99% സ്‌കൂളുകളിലും അജൈവമാലിന്യ സംവിധാനം നടപ്പാകും. ലഹരിക്കെതിരായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ പുരോഗമിക്കുന്നു.
*മാലിന്യമുക്ത കേരളം*
മാലിന്യമുക്ത കേരളം പദ്ധതി പ്രകാരം ജില്ലയില്‍ വാതില്‍പ്പടി ശേഖരണത്തില്‍ ജില്ലയില്‍ 91 ശതമാനമാണ് നിലവിലെ സ്ഥിതി. എംസിഎഫ് ഇല്ലാത്തത് ഒരു തദ്ദേശ സ്ഥാപനത്തില്‍ മാത്രമാണ്. യൂസര്‍ ഫീ ശേഖരണത്തില്‍ സെപ്തംബറില്‍ 63% നിര്‍വഹണ പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആകെ 174 കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്‌കരണ സംവിധാനമാണുള്ളത്. ഇതില്‍ 131 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. അടുത്ത മൂന്നു മാസത്തിനകം എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാക്കും. ഇതുവരെ 60% മാലിന്യമാണ് ബയോമൈനിംഗ് വഴി സംസ്‌കരിച്ചത്. ഇത് സെപ്തംബറില്‍ 100% ആക്കും. നിലവില്‍ ഒരു ഭൂഗര്‍ഭ എസ്ടിപിയുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. രണ്ട് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മൂന്നാര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ബയോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിത സംവിധാനം വേണമെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.
*ആർദ്രം*
ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പരിവര്‍ത്തനത്തിനായി ജില്ലയില്‍ തിരഞ്ഞെടുത്ത 45 സ്ഥാപനങ്ങളില്‍ 31 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. അതിഥി തൊഴിലാളികളുടെ സ്‌ക്രീനിംഗിനായി ജില്ലയില്‍ 268 ക്യാമ്പുകള്‍ നടത്തി. ഇവിടെ 7859 അതിഥി തൊഴിലാളികള്‍ പരിശോധന നടത്തി. 5 പേര്‍ക്ക് മലേറിയയും 131 പേര്‍ക്ക് ഫൈലേറിയാസിസ് രോഗവും കണ്ടെത്തി. ജില്ലയില്‍ 211 പേര്‍ക്കാണ് സൗജന്യ ക്യാന്‍സര്‍ ചികിത്സ ലഭിച്ചത്.
*ഹരിത കേരളം മിഷൻ*
ഹരിത കേരളം മിഷന്റെ ഭാഗമായി 9 ജില്ലകളിലെ 230 ഗ്രാമപഞ്ചായത്തുകളില്‍ പശ്ചിമഘട്ട നീര്‍ച്ചാലുകളുടെ മാപ്പിംഗ് നടത്തി. ഇടുക്കിയില്‍ 49 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കി. ജില്ലയില്‍ 35 ജലഗുണനിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിച്ചു. ഇവിടെ 2719 സാമ്പിളുകള്‍ പരിശോധിച്ചു. 41.96 ഏക്കറിലായി 100 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. ജില്ലയില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഹരിത ടൂറിസത്തിന്റെ ഭാഗമായി ജില്ലയില്‍ 52 ഹരിത ടൂറിസം കേന്ദ്രങ്ങളും 232 ഹരിത ടൗണുകളും വികസിപ്പിച്ചു. ജില്ലയില്‍ 1351 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു. ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങള്‍ ജല ബജറ്റ് പ്രസിദ്ധീകരിച്ചു. കട്ടമുടിയില്‍ ഗോത്രവര്‍ഗ സമൂഹം കൃഷി ചെയ്തിരുന്ന 20 ഏക്കറില്‍ ഉത്പാദിപ്പിച്ച് പുറത്തിറക്കിയ കഞ്ചിപെട്ടി അരി വ്യാപിപ്പിക്കും. 20 ഏക്കറില്‍ കൂടി കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. കൊരങ്ങാട്ടി പാടശേഖരം പൂര്‍ണമായും കൃഷി യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. നിലവില്‍ ഇവിടെ നാല് ഏക്കറിലാണ് കൃഷി. ഇവിടെ 60 ഏക്കറില്‍ കൂടി കൃഷി വ്യാപിപ്പിക്കും.
- Log in to post comments