മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന് തുടക്കമായി
മാലിന്യമുക്തം രോഗമുക്തം-2025 ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജലജന്യ, പ്രാണിജന്യ രോഗങ്ങൾ തടയുന്നതിലേക്കാണ് ക്യാമ്പയിൻ നടത്തുന്നത്. ജൂലൈ 31 വരെയാണ് ക്യാമ്പയിൻ. വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള വീടുകൾ, വൃത്തിയുള്ള പരിസരങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, വൃത്തിയുള്ള ഓടകളും ജലാശയങ്ങളും, വൃത്തിയുള്ള പൊതുവിടങ്ങൾ എന്നീ ആറ് കാര്യങ്ങളാണ് ക്യാമ്പയിനിൽ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾ വീടുകൾതോറും ബോധവത്കരണ പരിപാടികൾ, സ്കൂളുകളിലും അങ്കണവാടികളിലും കൈ കഴുകൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ, സുരക്ഷിതമായ കുടിവെള്ള വിതരണ സംവിധാനം ഉറപ്പാക്കൽ, ശരിയായ രീതിയിൽ മാലിന്യ ശേഖരണവും നീക്കവും ഉറപ്പാക്കൽ, മാലിന്യ ഹോട്ട്സ്പോട്ടുകൾ കുറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
പി.എൻ.എക്സ് 3098/2025
- Log in to post comments