*ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി*
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. കളേ്രക്ടറ്റില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്കി.
ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്കി. യോഗത്തില്‍ ജില്ലാ കളക്റ്റര്‍ ഡി.ആര് മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി.പി, ചൂരല്‍മല പുനരധിവാസ സ്പെഷ്യല്‍ ഓഫീസര്‍ മന്മോഹന് സി.വി, ഡി.ഡി.എം എ സ്പെഷ്യല്‍ ഓഫീസര്‍ അശ്വിന് പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
- Log in to post comments