വാദ്യോത്സവം റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും
കേരള സംഗീത നാടക അക്കാദമി ജൂലൈ 11 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന താളവാദ്യോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 11 വൈകുന്നേരം 5.30 ന് റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും.കെ.ടി.മുഹമ്മദ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ബി.കെ.ഹരിനാരായണന് ഉസ്താദ് സാക്കീര്‍ ഹുസൈന് അനുസ്മരണം നടത്തും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന് താളവാദ്യോത്സവത്തിന്റെ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡണ്ട് അശോകന് ചരുവില്‍, കേരള ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാന്‍ പുഷ്പവതി പി.ആര് എന്നിവര്‍ സംസാരിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്.അജയന് നന്ദിയും പറയും.
- Log in to post comments