ബഡ്സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു : ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്; ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെ ആദരിച്ചു
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബഡ്‌സ് വിദ്യാലയങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം. ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'കലക്ടേർസ് റസിലിയൻസ് ആൻഡ് എക്സലൻസ് ' അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർത്ഥിയ്ക്കും വ്യത്യസ്തമായ അഭിരുചിയുണ്ട്. ഭിന്നശേഷി കുട്ടികളെ വിദ്യാഭ്യാസത്തിലും കലയിലും മുൻപന്തിയിൽ എത്തിക്കാൻ പ്രയത്നിക്കുന്ന മാതാപിതാക്കളും അധ്യാപകരും അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രസിഡൻറ് പറഞ്ഞു.
2024-25 അധ്യയന വർഷം പത്താം തരത്തിൽ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അധ്യക്ഷനായി. പരിമിതിക്കുള്ളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ചേർത്തു പിടിക്കണമെന്ന ആശയത്തിൽ നിന്നാണ് അവാർഡിന് തുടക്കമായതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ ഷംലാബീഗം തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments