Skip to main content

ഭക്ഷണത്തിന്റെ രുചിക്കല്ല ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്: കെ കെ ശൈലജ ടീച്ചര്‍

 

 

രുചി മാത്രം നോക്കി ആഹാരം കഴിക്കുന്ന ശീലമാണ് ഇന്നുള്ളതെന്നും അത് ഒഴിവാക്കി ആരോഗ്യകരമായ ആഹാരം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആയുര്‍ശ്രീ- ആയുഷ് ഗ്രാമം പദ്ധതി 2018-19ന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ലഘുഭക്ഷണ നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘടനം നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി.

നമ്മുടെ ആഹാര ശീലമാണ് ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ ഭക്ഷണ ക്രമീകരണത്തില്‍ വലിയ മാറ്റം ആവശ്യമാണ്. കേരളത്തില്‍ ആയുഷ് മേഖലയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ എട്ട് ജില്ലകളിലാണ് ആയുഷ് ഗ്രാമം നടപ്പാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

നാഷണല്‍ ആയുഷ് മിഷനും കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഔഷധ മൂല്യവും ഗുണമേന്മയുമുള്ള ആരോഗ്യകരമായ ലഘു ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് കുടുംശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ സോപ്പ് ഉള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും പരിശീലനം നല്‍കും. ഭാരതീയ ചികിത്സാ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു ചടങ്ങില്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി ഇസ്മയില്‍, എം റോജ, കൗണ്‍സിലര്‍ മുബീന ഷാഹിദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) എസ് ആര്‍ ബിന്ദു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ- സി ഡി എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

 

date