എഴുകോണ്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ്, വ്യാപാര സമുച്ചയം നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍
എഴുകോണിലെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാപാര സമുച്ചയത്തിന്റെയും മത്സ്യ മാര്‍ക്കറ്റിന്റെയും നിര്‍മാണത്തിന് ബജറ്റില്‍ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാകും. മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിനായി പ്ലാന്റും ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ സംവിധാനങ്ങളുമൊരുക്കും. വ്യാപാര സമുച്ചയത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കും. ഭാവിയില്‍ ആവശ്യാനുസരണം മുകളിലേക്ക് വികസിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടം പണിയുക. തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മാണ ഏജന്‍സി. സമയബന്ധിചതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം, വൈസ് പ്രസിഡന്റ് സുബര്‍ഹാന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
- Log in to post comments