Skip to main content

നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസവും ആദരവും കാത്തു സൂക്ഷിക്കപ്പെടണം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

 

 

*നുവാൽസിലെ വിദ്യാർത്ഥികളുമായി സംവദിച്ചു 

 

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസവും ആദരവും കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറഞ്ഞു.

 

 കളമശ്ശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ( നുവാൽസ്) വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

 

നീതിന്യായ സംവിധാനങ്ങളുടെ സ്വന്തന്ത്രമായ നിലനിൽപ്പ് കാലത്തിൻ്റെ ആവശ്യമാണ്. അതോടൊപ്പം ഈ വ്യവസ്ഥിതിയിലുള്ള പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനും നേരിടുന്നതിനുമുളള ആർജ്ജവവും നമുക്കുണ്ടാകണം. 

 

ഷേക്സ്പിയറിൻ്റെ ജൂലിയസ് സീസറിൽ പറയുന്നതുപോലെയുള്ള ഒരു ഐഡ്സ്‌ ഓഫ് മാർച്ചിന് (Ides of March) സമാനമായ ഒരു സംഭവം നമ്മുടെ രാജ്യത്തെ നീതിന്യായ മേഖലയിലും ഉണ്ടായി. കഴിഞ്ഞ മാർച്ച് 15 ന് അതിരാവിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. എന്നാൽ ഇതുവരെ ഒരു എഫ്.ഐ.ആറും ഈ കേസിൽ രജിസ്റ്റർ ചെയ്തിട്ടില്ല. സർക്കാരിനാകട്ടെ ഇതിൽ ഇടപെടുന്നതിൽ നിയമപരമായി പരിമിതികളുണ്ട്. ന്യായാധിപരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, എന്നാൽ ഇത്തരം സംഭവങ്ങൾ ആശങ്കകൾ സൃഷ്ടിക്കുന്നു.

 

നിലവിൽ രാജ്യത്തെ നിയമ സംവിധാനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്വ സ്വഭാവവും കൂടുതൽ മെച്ചപ്പെടുത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിവരുകയാണ്. ജനാധിപത്യത്തിൻ്റെ മൂന്ന് സ്തംഭങ്ങളാണ് എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ. ഇവയിൽ ഒന്ന് മറ്റൊന്നിന്റെ മേഖലയിലേക്ക് കടന്നുകയറിയാൽ, അത് ജനാധിപത്യത്തിന് വളരെ അപകടകരമായേക്കാവുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കും- ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

നിയമ വിദ്യാർത്ഥികൾ എന്ന നിലയിൽ വിദ്യാർത്ഥികൾക്കു മുന്നിൽ സൈബർ സെക്യൂരിറ്റി, സ്‌പേസ് എക്കോണമി തുടങ്ങിയ അനേക മേഖലകളിൽ വൈവിധ്യമാർന്ന അവസരങ്ങളാണ് ഉള്ളത്. അതിവേഗം വികസിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് വിദ്യാർത്ഥികളുടെ ഭാവി എന്തുകൊണ്ടും സുരക്ഷിതമാണ്. ഈ അവസരങ്ങൾ എല്ലാം കൃത്യമായി പ്രയോജനപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

 

വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം*  

 

ഭരണഘടനാ ദിനം എന്തിന് (Why do we celebrate Constitution Day? November 26 ), 

ഭരണഘടന ഹത്യദിനം ( സംവിധാൻ ഹത്യ ദിവസ്‌ - ജൂൺ 25) എന്നീ വിഷയങ്ങളിൽ നുവാൽസിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം ഉപരാഷ്ട്രപതി പ്രഖ്യാപിച്ചു. ഈ ഉപന്യാസങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് പാർലമെന്റ് സന്ദർശിക്കുന്നതിനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്തു.

 

 

കേരളത്തിലെ രാജ്യസഭാ എം.പിമാർക്ക് അഭിനന്ദനം*

 

കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം.പിമാരുടെ പ്രവർത്തനം ഏറെ മികച്ചതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പാർലമെന്ററി കാര്യങ്ങളിൽ മികച്ച ഇടപെടലുകളാണ് കേരളത്തിൽ നിന്നുളള ഒമ്പത് എം.പിമാരും നടത്തിവരുന്നത്. തനിക്ക് ഓരോ എം.പിയുമായും നല്ല ബന്ധമാണുള്ളത്.

മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അവരെ അഭിനന്ദിക്കുന്നു- അദ്ദേഹം പറഞ്ഞു 

 

സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിൽ ' പീപ്പിൾസ് ജുഡീഷ്യറി' ആയി നമ്മുടെ നിയമ സംവിധാനങ്ങൾ മാറണമെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പറഞ്ഞു. വിധിന്യായങ്ങൾ ഉൾപ്പെടെ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ഏറ്റവും മികച്ച നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി നുവാൽസ് ഇന്ന് മാറിയിട്ടുണ്ട്. നേതൃസ്ഥാനങ്ങളിലുള്ളവരും അധ്യാപകരും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുമാണ് ഈ സ്ഥാപനത്തിന്റെ യശസ്സ് ഇത്രത്തോളം ഉയർത്തിയത്. നുവാൽസിന്റെ ഇനിയുള്ള ഭാവി നിർണയിക്കുന്നത് നിലവിൽ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു പറഞ്ഞു. ഭാവി സാധ്യതകൾ മുന്നിൽകണ്ട് നിലവിലെ നിയമ വിദ്യാഭ്യാസ രംഗത്തെയും നാം പുനർ നിർവചിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിയമ വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവനകളാണ് നുവാൽസ്‌ നൽകിവരുന്നത്. ഭാവി അഭിഭാഷകരെ നീതിയുടെയും മനുഷ്യാവകാശത്തിന്റെയും വക്താക്കളാക്കി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

 

പിതാവിൻ്റെയും മാതാവിൻ്റെയും ഓർമ്മയ്ക്കായി നുവാൽസ് കാമ്പസിൽ ഉപരാഷ്ട്രപതിയും പത്നിയും ചേർന്ന് വൃക്ഷത്തെകൾ നട്ടു.

 

ചടങ്ങിൽ ഉപരാഷ്ട്രപതിയുടെ പത്നി ഡോ. സുധേഷ് ധൻകർ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, നുവാൽസ് വൈസ് ചാൻസിലർ പ്രൊഫ. ജി.ബി റെഡ്ഢി തുടങ്ങിയവർ പങ്കെടുത്തു. 

 

 

ഭിന്നശേഷി 

വിദ്യാർത്ഥികൾക്ക് മധുരം*

 

സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറീച്ച്മെന്റി (സിഫി) ന്റെ നേതൃത്വത്തിൽ തന്നെ കാണാൻ നുവാൽസിൽ എത്തിയ 15 ഭിന്നശേഷി വിദ്യാർത്ഥികളെ മധുരം നൽകിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സ്വീകരിച്ചത്. സിഫി ചെയർപേഴ്സൺ ഡോ. പി എ മേരി അനിതയുടെ നേതൃത്വത്തിൽ എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ഉപരാഷ്ട്രപതി ക്ഷേമ വിവരങ്ങൾ തിരക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

date