വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
റവന്യൂ മേഖലയിലെ വിപ്ലവകരമായ മാറ്റമാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളെന്നും അഞ്ഞൂറോളം വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മർട്ടാക്കാൻ സാധിച്ചതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉളിക്കലിൽ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷനായി.
പൊതുജനങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും സുതാര്യവും സത്യസന്ധവുമായ വിവരങ്ങളും രേഖകളും നൽകുക, വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. ഇരിക്കൂർ മണ്ഡലത്തിലെ മൂന്നാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണിത്. എരുവേശ്ശി, ചുഴലി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇതിനോടകം നടന്നുകഴിഞ്ഞു. ഇരുനിലകളിലായി 166.4 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസ് മുറി, കാത്തിരിപ്പ് കേന്ദ്രം, വരാന്ത, റെക്കോർഡ് റൂം, കോൺഫറൻസ് ഹാൾ കം ഡൈനിംഗ്, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നു. 50 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.
തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് ലിസി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, ഉളിക്കൽ ഗ്രാമപഞ്ചായത്തംഗം ആയിഷ ഇബ്രാഹിം, എ ഡി എം കല ഭാസ്കർ, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, വയത്തൂർ വില്ലേജ് ഓഫീസർ എം.എസ് വിനീത് എന്നിവർ സംസാരിച്ചു. വിവിധ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
- Log in to post comments