സംസ്ഥാന മത്സ്യകര്‍ഷകഅവാര്‍ഡ്‌വിതരണം 11ന് കൊട്ടാരക്കരയില്‍; മന്ത്രിമാര്‍ പങ്കെടുക്കും
സംസ്ഥാന മത്സ്യകര്‍ഷകഅവാര്‍ഡ്‌വിതരണം ജൂലൈ 11ന് വൈകിട്ട് 3.30ന് കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡ് വിതരണം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ നിര്‍വഹിക്കും.
‘ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 11 ന് നടത്തിയ ഏകദിന കടലോര പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന ക്യാമ്പയിനില്‍ സംസ്ഥാനത്താകെ 1,54,316 കി.ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തിരുന്നു. ഏറ്റവും മികച്ച പ്രവര്‍ത്തനംനടത്തി കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കിയ കോഴിക്കോട് ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും 50000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ ഒമ്പത് തീരദേശ ജില്ലകളിലെയും മികച്ചപ്രകടനം കാഴ്ചവച്ച രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വീതം തെരഞ്ഞെടുത്ത് 10000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണമേനോന്‍, ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments