അറിയിപ്പുകൾ
ഹയര്‍സെക്കന്‍ഡറി തുല്യത: ജില്ലയില്‍നിന്ന് 1985 പേര്‍ പരീക്ഷയെഴുതും
ജൂലൈ 10 മുതല്‍ 27 വരെ നടക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയെഴുതാന്‍ ജില്ലയില്‍നിന്ന് 1985 പഠിതാക്കള്‍.
ഒന്നാം വര്‍ഷ പരീക്ഷക്ക് 761 പേരും രണ്ടാം വര്‍ഷത്തേതിന് 1224 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. 14 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. മേരിക്കുന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍ കേന്ദ്രത്തില്‍ പരീക്ഷയെഴുതുന്ന വിരമിച്ച കായികാധ്യാപകന്‍ 77കാരനായ നാരായണനാണ് മുതിര്‍ന്ന പഠിതാവ്.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിനകത്ത് ഹയര്‍ സെക്കന്‍ഡറി, സിഎ/സിഎംഎ/സിഎസ് കോഴ്‌സുകള്‍ പഠിക്കുന്നവരുമായ ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
ഇതിനായി ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ ജൂലൈ 31 വരെ ഓപണ്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ഐടിഐ കൗണ്‍സിലിങ്
2025 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി മാളിക്കടവ് ഐടിഐയില്‍ ജൂലൈ 11ന് കൗണ്‍സിലിങ് നടത്തും. 255 ല്‍ കൂടുതല്‍ ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495 2377016.
ഓംബുഡ്‌സ്‌മാൻ സിറ്റിങ് 11ന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്‌മാൻ ജൂലൈ 11ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ഒമ്പതിന് നിശ്ചയിച്ചിരുന്ന സിറ്റിങ് പൊതുപണിമുടക്കിൻ്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു.
- Log in to post comments