പ്രളയ ബാധിതർക്കുള്ള ഉപജീവനകിറ്റ് വിതരണം തുടങ്ങി
ആലപ്പുഴ: പ്രളയം ദുരിതം വിതച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. പ്രളയബാധിതർ ഉൾപ്പടെയുള്ളവർക്കായി നൽകുന്ന ഏഴു നിത്യോപയോഗ സാധനങ്ങളടങ്ങിയ ഉപജീവനകിറ്റ#ുകൾ വിതരണം ചെയ്തുതുടങ്ങി. ജില്ലയിലെ മാവേലി സ്റ്റോറുകൾ വഴിയാണ് ഇവയുടെ വിതരണം.
ഒരു കിലോ തുവര, ഒരു കിലോ ചെറുപയർ, ഒരു കിലോ കടല, ഒരു ലിറ്റർ വെളിച്ചെണ്ണ, 250 ഗ്രാം ശബരി തേയില, ഒരു കിലോ പഞ്ചസാര, ഒരു പാക്കറ്റ് ഉപ്പ് എന്നിവയാണ് കിറ്റുകളിലുള്ളത്. പൊതുവിപണയിൽ 500 രൂപ വിലവരുന്ന ഇവ സൗജന്യമായാണ് ഗുണഭോക്താക്കൾക്ക് എത്തിക്കുന്നത്.
പ്രളയാനന്തരം 10000 രൂപ സഹായധനം ലഭിച്ച ഉപഭോക്താക്കൾക്കാണ് ഉപജീവന കിറ്റിന് അർഹത. അതോടൊപ്പം .എ.എ.വൈ., ബി.പി.എൽ. കുടുംബങ്ങൾക്കും അഗതി ലിസ്റ്റിൽപ്പെട്ടവർക്കും വികലാംഗർക്കും കിറ്റ് ലഭിക്കും. അതിനായി വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൂപ്പണോടെ റേഷൻകാർഡുമായി മാവേലി സ്റ്റോറിലെത്തണം.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്കാണ് ഉപജീവനക്കിറ്റ് നൽകുന്നത്. കിറ്റുവാങ്ങാൻ മാവേലി സ്റ്റോറുകളിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ അർഹത തെളിയിക്കുന്നതിനായി റേഷൻ കാർഡ് സഹിതം അതത് വില്ലേജ് ഓഫീസുകളിലെത്തണം.
- Log in to post comments