കെ ടി യു ബി.ടെക് ഫലം: എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ഈ വർഷത്തെ ബി.ടെക് ഫലത്തിൽ പൂജപ്പുര എൽ ബി എസ് വനിതാ എൻജിനിയറിങ് കോളേജിന് മികച്ച വിജയം. 87.46 ശതമാനം വിജയത്തോടെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 130 കോളേജുകളിൽ ഒന്നാമതെത്തി. 83.44 ശതമാനം വിജയത്തോടെ മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാമതും, 83.42 ശതമാനം വിജയത്തോടെ തിരുവനന്തപുരം സി ഇ ടി മൂന്നാം സ്ഥാനത്തുമാണ്. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് 73.82 ശതമാനത്തോടെ 12 ആം സ്ഥാനത്തും തിരുവനന്തപുരത്തെ ബട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് 72.78 ശതമാനം വിജയത്തോടെ പതിനാറാം സ്ഥാനത്തുമാണ്. 9 സർക്കാർ എൻജിനിയറിങ് കോളേജുകളും 3 എയ്ഡഡ് കോളേജുകളും 23 സർക്കാർ നിയന്ത്രിത എൻജിനിയറിങ് കോളേജുകളും സർവകലാശാലയുടെ കീഴിൽ ഉണ്ട്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ 2001 ൽ ആരംഭിച്ച എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എന്ന എൻജിനിയറിങ് കോളേജിന്റെ പ്രവർത്തനം രണ്ടര ദശാബ്ദം പിന്നിട്ടു രജതജൂബിലി യിലേക്ക് കടക്കുമ്പോൾ ഈ നേട്ടം സ്ഥാപനത്തിന്റെ വളർച്ചയിലെ ഒരു പൊൻതൂവൽ ആയി മാറി. അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനത്തിൽ നൂറുശതമാനം പ്ലേസ്‌മെന്റ് മുൻവർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പത്തിലധികം പേറ്റന്റുകൾ ആണ് എൽ ബി എസ് വനിതാ എൻജിനിയറിങ് കോളേജിലെ അധ്യാപകർ നേടിയെടുത്തത്. എല്ലാ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രഡിറ്റേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ എൻജിനിയറിങ് കോളേജാണ് എൽ ബി എസ് വനിതാ എൻജിനിയറിങ് കോളേജ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിങ് എന്നിങ്ങനെ വിവിധ എൻജിനിയറിങ് പ്രോഗ്രാമുകൾ ഈ കോളേജിൽ നടത്തി വരുന്നു. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജി ഫോർ വിമണിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ വനിത നിർമ്മിത ഉപഗ്രഹ പേലോഡ് ആയ വീസാറ്റ് എന്ന ഉപഗ്രഹം 2024 ജനുവരി 1 ന് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമണിലെ അക്കാദമിക് യാത്രയിലെ ചരിത്രപരമായ ഈ നാഴികക്കല്ലായി ഇത് മാറി. വീസാറ്റ് വിദ്യാർഥികൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ സാറ്റ്‌ലൈറ്റാണ്. വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റ്‌ലൈറ്റ് എന്ന ഖ്യാതിയും വീസാറ്റിനു ലഭിച്ചു. വീസാറ്റ് ഭ്രമണപദത്തിലെത്തിയപ്പോൾ ശാസ്ത്ര സാങ്കേതിക മേഖലകളിൽ കേരളത്തിന്റെ വനിതാ മുന്നേറ്റമായി അടയാളപ്പെടുത്തി. മുൻവർഷങ്ങളിലും സാങ്കേതിക സർവകലാശാലയുടെ റാങ്കിങ്ങിൽ ഈ കോളേജ് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. കേരള സർക്കാരിന്റെ സ്മാർട്ട്സിറ്റി പോലുള്ള പ്രൊജെക്ടുകളിലും വിവിധ കൺസൾട്ടൻസി പ്രോജക്ടുകളിലും ഈ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഭാഗമാണ്.
പി.എൻ.എക്സ് 3175/2025
- Log in to post comments