ഭരണ-സാങ്കേതിക അനുമതി കിട്ടായാലുടന്‍ നിര്‍മാണപ്രവര്‍ത്തനം നിര്‍ബന്ധം വികസനപ്രവര്‍ത്തനത്തില്‍ കാലതാമസം അനുവദിക്കില്ല-മന്ത്രി കെ.എന്‍. ബാലഗോപാല്‍
വികസനപദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസംനേരിടുന്ന സാഹചര്യം ഉണ്ടാകാന്‍പാടില്ലെന്ന് ജില്ലയുടെ ചുമതലകൂടിയുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് നിര്‍ദേശം നല്‍കിയത്.
നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിര്‍ബന്ധമായും ഏകോപനം ഉറപ്പാക്കണം. പദ്ധതിനിര്‍വഹണത്തിനായി വിവധ വകുപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചാല്‍ സമയനഷ്ടം ഒഴിവാക്കാം. സമയക്ലിപ്തതയോടെ പൂര്‍ത്തീകരിക്കുകയാണ് പ്രധാനം. ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയാലുടന്‍ പ്രവര്‍ത്തികള്‍ തുടങ്ങുന്നരീതി ഉറപ്പാക്കണം. വൈകിപ്പിക്കുന്നരീതി പിന്തുടരാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥതല അലംഭാവം ഉണ്ടാകരുത്.
മുഖ്യമന്ത്രിയുടെ പാതവികസന ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകണം. കിഫ്ബി ഫണ്ട് വഴിയുള്ളവയ്ക്കും സമാനരീതി പിന്തുടരണം.
ജിയോളജി വകുപ്പ് മണ്ണ്‌ലഭ്യമാക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് കാലതാമസം വരുത്തരുത്. പ്രധാനപദ്ധതികളുടെ പുരോഗതിക്ക് തടസമാകുംവിധം നടപടികള്‍ ദീര്‍ഘിപ്പിക്കുകയുമരുത്. വ്യക്തികളുടെ ആവശ്യങ്ങളും വേഗത്തില്‍ തീര്‍പാക്കണം. പരാതികളുടെകൂടി അടിസ്ഥാനത്തിലാണ് കര്‍ശനനിര്‍ദേശം.
278 ഗ്രാമീണറോഡുകളുടെ നിര്‍മാണം നടക്കുന്നു. അധികതുക നല്‍കേണ്ടത് പരിശോധിക്കും. കെ.എസ്.ഇ.ബി യുടെ ചുമതലയിലുള്ള ആശുപത്രികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് പ്രാമുഖ്യം നല്‍കണം.
വിവിധപ്രദേശങ്ങളിലെ തോടുകളുടെനവീകരണം 12.40 കോടിരൂപ നല്‍കിയാണ് നിര്‍വഹിക്കുന്നത്. ശാസ്താംകോട്ടകായല്‍ സംരക്ഷണവേലികള്‍ നിര്‍മിക്കുകയാണ്. കടലോരസംരക്ഷണത്തിനും പദ്ധതികളുണ്ട്. വിനോദസഞ്ചാരമേഖലയില്‍ 59 കോടിരൂപയുടെ വികസനം നടത്തുകയാണ്. അഷ്ടമുടി, മീന്‍പിടിപാറ, തെന്‍മല പദ്ധതിനിര്‍വഹണത്തിന്റെ ഭാഗമായി മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നു. വിവിധ പാര്‍ക്കുകളുടെ നിര്‍മാണവും ഉള്‍പ്പെടും. സര്‍ക്കാര്‍ അതിഥിമന്ദിരനവീകരണവും തുടരുന്നു. തിരുമുല്ലവാരം, കൊല്ലം ബീച്ചുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ്.
പൊതുമരാമത്ത് (ദേശീയപാത) വിഭാഗത്തിന്റെ ചുമതലയില്‍ കൊല്ലം - തേനി പാതയുടെ പ്രാരംഭനടപടികളായി; 24 മീറ്ററില്‍ നാലുവരി പാത, നടപ്പാത സഹിതം ഉണ്ടാകും. അലൈന്‍മന്റ് അംഗീകരിച്ചു. കടവൂര്‍ ബൈപാസില്‍ നിന്നാകും തുടക്കം. സര്‍വെ നടപടികള്‍ പുരോഗതിയിലാണ്. കോടതി സമുച്ചയം നിര്‍മാണവും വേഗത്തിലാക്കി. കൊട്ടാരക്കര റസ്റ്റ് ഹൗസും യാഥാര്‍ഥ്യമാക്കും.
കുന്നത്തൂര്‍ സിവില്‍സ്റ്റേഷനിലെ രണ്ടുനിലകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കല്‍കോടതി, കെപ്‌കോ ഫാമും സമയബന്ധിതമായി പൂര്‍ത്തിയാക്കും.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ 110 പ്രവര്‍ത്തികളാണുള്ളത്. 89 എണ്ണം പുരോഗതിയില്‍, ശേഷിക്കുന്നവ പിന്നാലെതുടങ്ങും. റോഡുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വെള്ളംഒഴുകുന്നതിന് സംവിധാനം ഉറപ്പാക്കണം. പത്തനാപുരം, മുണ്ടയ്ക്കല്‍ കൊണ്ടേത്ത്, നെടുമണ്‍കാവ് പാലങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതര മേഖലകളിലും പാലങ്ങള്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും.
കെ.ആര്‍.എഫ്.ബി യുടെ 11 പ്രവൃത്തികളും പുരോഗതിയില്‍; നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. 42 കോടി രൂപയുടെ പെരുമണ്‍ പാലവും വേഗത്തില്‍ നിര്‍മിക്കുകയാണ്. കാട്ടില്‍കടവ്, കൊന്നയില്‍കടവ് പാലങ്ങളും വരും. കണ്ണനല്ലൂര്‍ ജംക്ഷന്‍ 50 കോടി രൂപ ചെലവില്‍ വികസിപ്പിക്കും.
കൊല്ലം തുറമുഖത്ത് 49.64 കോടിയുടെ പ്രവൃത്തികള്‍; കോവില്‍ത്തോട്ടം പാലം, ഇതര പ്രവര്‍ത്തികളും. തീരദേശ റോഡുകള്‍ മെച്ചപ്പെടുത്താനും നിര്‍ദേശം നല്‍കി.
ഗ്രാമീണമേഖലയില്‍ 80 ശതമാനത്തോളം കുടിവെള്ളപദ്ധതികള്‍ നടപ്പിലാക്കി. ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തികള്‍ വേഗത്തിലാണ്. ഞാങ്കടവ് പദ്ധതിയും ത്വരിതപ്പെടുത്തി. 1200 കോടിരൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നു.
കോര്‍പറേഷന്‍മേഖലയില്‍ ഗ്രാമീണറോഡുകള്‍ നിര്‍മാണ പുരോഗതിയിലാണ്. കൊല്ലം പോര്‍ട്ടിന്റെ ആഴം കൂട്ടല്‍ 8.80 കോടിരൂപ ചിലവില്‍ നടത്തുന്നു.
ജില്ലാ ആശുപത്രിവികസനനിര്‍മാണപ്രവൃത്തി കെ.എസ്.ഇ.ബി പ്രത്യേക പരിഗണനയോടെ പൂര്‍ത്തിയാക്കണം. അതിദരിദ്രര്‍ക്ക് വീടുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ പഞ്ചായത്ത് വകുപ്പ് നടപടി സ്വീകരിക്കണം.
15 മാര്‍ക്കറ്റുകള്‍ നിര്‍മാണ പുരോഗതിയിലാണ്. അഷ്ടമുടി കായല്‍ ശുചീകരണവും നടത്തുന്നു; സംരക്ഷണത്തിന് സംയോജിതപ്രവര്‍ത്തനവും ഏകോപനവും അനിവാര്യം. മാലിന്യനിക്ഷേപസ്വഭാവത്തില്‍ നിന്ന് എല്ലാവരും പിന്‍മാറണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.
മന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. എ. ഡി. എം. ജി. നിര്‍മല്‍ കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments