വരുന്നത് ആധുനിക കെട്ടിടസമുച്ചയം പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ ഉടന്‍ : മന്ത്രി കെ എന്‍ ബാലഗോപാല്‍
ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ നാലുനില കെട്ടിടസമുച്ചയം ഉള്‍പ്പടെ നിര്‍മിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. നിലവിലെ ബസ് ഗ്യാരിജിലാണ് പുതുസംവിധാനങ്ങള്‍ വരികയെന്ന് സ്ഥലം സന്ദര്‍ശിച്ച് വ്യക്തമാക്കി.
പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കി. ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപയും എല്‍ എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള അഞ്ചു കോടി രൂപയും ചേര്‍ത്ത് 15 കോടി രൂപ വിനിയോഗിച്ചാണ് പൂര്‍ത്തിയാക്കുക.
നാലു നിലകളിലായി 34,432 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. ഒന്നാം നിലയില്‍ ഗ്യാരിജ്, ഓഫീസുകള്‍, ഇലട്രിക്കല്‍-സ്റ്റോര്‍ റൂം, ജീവനക്കാര്‍ക്കുള്ള വിശ്രമ മുറികള്‍, ലിഫ്റ്റ് എന്നിവയും രണ്ടാം നിലയില്‍ കൊറിയര്‍ റൂം, ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് റൂമുകള്‍, സ്ത്രീകള്‍ക്ക് ഫീഡിങ് റൂം ഉള്‍പ്പെടയുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രങ്ങള്‍, സുരക്ഷാ മുറി, പോലീസ് എയ്ഡ് പോസ്റ്റ്, പൊതു ശൗചാലയങ്ങള്‍, ബുക്കിംഗ്/അന്വേഷണ കൗണ്ടറുകള്‍ എന്നിവ ഒരുക്കും. മൂന്നാം നിലയില്‍ പുരുഷ•ാര്‍ക്കുള്ള ഡോര്‍മെറ്ററി, ഷീ-ഷെല്‍ട്ടര്‍, കെയര്‍ ടേക്കര്‍ മുറി, റെസ്‌ടൊറന്റ് എന്നിവയും ക്രമീകരിക്കും. നാലാം നിലയില്‍ ഡ്രൈവര്‍/ കണ്ടക്ടര്‍, സ്ത്രീ ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ബജറ്റ് ടൂറിസം, ഡി ടി ഓ എന്നിവയ്ക്കായി മുറികള്‍, ഓഫീസ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും സജ്ജീകരിക്കും. ചുറ്റുമതില്‍, പ്രവേശന കവാടം, ജലവിതരണം എന്നിവയും ഉണ്ടാകും.
പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ റോഡും നിര്‍മിക്കും. പ്രധാന നിരത്തിനോട് ചേര്‍ന്ന് സ്റ്റാന്‍ഡ് വരുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. നിലവിലെ ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തര പ്രാധാന്യത്തോടെ നടത്തി കൂടുതല്‍ ബലപ്പെടുത്തും.
എം മുകേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, പൊതുമരാമത്ത്, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
- Log in to post comments