പ്ലാറ്റ്ഫോമുകള്‍ മാറുമ്പോഴും വായനാനുഭവം ഒന്നുതന്നെ; ഡിജിറ്റല്‍ വായന ചര്‍ച്ചയാക്കി സെമിനാര്‍
വായന പക്ഷാചരണത്തിന് സമാപനം
വായനയുടെ പ്ലാറ്റ്ഫോമുകളും രീതികളും മാത്രമാണ് മാറുന്നതെന്നും വായന നിലയ്ക്കുന്നില്ലെന്നും സെമിനാര്‍. ഏത് പ്ലാറ്റ്‌ഫോമിലൂടെ വായിച്ചാലും വായനാനുഭവം ഒരുപോലെയാണെന്നും വായനയിലൂടെ വ്യക്തി എന്ത് ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനമെന്നും ഡിജിറ്റല്‍ വായനയില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. വായന പക്ഷാചാരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ വായന എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സെമിനാറിലാണ് പുതുവായന ചര്‍ച്ചയായത്.
ഫാറൂഖ് ട്രെയിനിങ് കോളേജില്‍ നടന്ന സെമിനാര്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ സാങ്കേതിക വിദ്യകള്‍ വായനയും എഴുത്തും കൂടുതല്‍ ജനകീയമാക്കിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കൂടുതല്‍ സമയം വായനക്കായി മാറ്റിവെക്കാന്‍ തയാറാവണമെന്നും അവര്‍ പറഞ്ഞു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ കെ എം ഷരീഫ് മോഡറേറ്റ് ചെയ്ത സെമിനാറില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എ കെ മുരളീധരന്‍, എസ്എസ്‌കെ ജില്ലാ പ്രോജക്റ്റ് കോഓര്‍ഡിനേറ്റര്‍ ഡോ എ കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.
ആളുകള്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന സമയം വര്‍ധിക്കുമ്പോഴും പുസ്തകങ്ങള്‍ വാങ്ങുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം കൂടുകയാണെന്നത് ശുഭപ്രതീക്ഷ തരുന്നതാണെന്ന് ഡോ എ കെ അബ്ദുല്‍ ഹക്കീം അഭിപ്രായപ്പെട്ടു. ഓഡിയോ ബുക്കുകളും വീഡിയോ സംവിധാനങ്ങളും ഉള്‍പ്പെട്ട ഡിജിറ്റല്‍ വായന അനന്ത സാധ്യതകളാണ് വായനക്കാരന് സമ്മാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ ലോകത്തെ വാസ്തവവും വാസ്തവ വിരുദ്ധതയും തിരിച്ചറിയാന്‍ വായനക്കാര്‍ക്ക് സാധിക്കണമെന്ന് എ കെ മുരളീധരന്‍ പറഞ്ഞു. ക്വാളിറ്റിയും സത്യസന്ധതയുമുള്ള കണ്ടന്റ് കൃത്യമായി നല്‍കാനായാല്‍ ഡിജിറ്റല്‍ ലോകത്ത് സ്ഥിരം പ്രേക്ഷകരെ സൃഷ്ടിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, എന്‍എസ്എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments