എടപ്പാള്‍ സി.എച്ച്.സിയില്‍ സജ്ജീകരിച്ച ഹബ് ലാബ് ഉദ്ഘാടനം ചെയ്തു
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022- 23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗപ്പെടുത്തി എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സജ്ജീകരിച്ച ഹബ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം തവനൂര്‍ എം. എല്‍. എ ഡോ: കെ.ടി. ജലീല്‍ നിര്‍വഹിച്ചു.ആരോഗ്യമേഖലയില്‍ കേരളം ഉന്നതിയിലാണ് നിലകൊള്ളുന്നതെന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ അവയുടെ പരിമിതികളിലും കൈവിടാതെ നാം പ്രയോജനപ്പെടുത്തുമ്പോഴേ അവയ്ക്ക് ഉന്നമനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ഗായത്രി, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.ആര്‍. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. രാധിക, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംഗം എ.കെ.എം ഗഫൂര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. മഞ്ജുഷ, തൃക്കണാപുരം സി.എച്ച്.സി. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എ. ജുല്‍ന എടപ്പാള്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ കെ. സിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇല്ലാത്ത വിവിധങ്ങളായ രോഗനിര്‍ണയ പരിശോധനകള്‍ കുറഞ്ഞ ചെലവില്‍ എടപ്പാള്‍ സി.എച്ച്.സി യിലെ ഹബ് ലാബ് വഴി ഇനി പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഹബ് ലാബ് വഴി പരിശോധനാഫലം എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഹെല്‍ത്ത് ഗ്രാന്‍ഡ് വഴി 27,57000 രൂപ ചെലവഴിച്ചാണ് ലാബ് നിര്‍മ്മിച്ചത്. ലാബില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള നൂതന മെഷിനറികള്‍, വിവരസാങ്കേതിക ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
- Log in to post comments