Skip to main content
കോന്നി പയ്യനാമണ്‍ പാറമട ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ  ഉദ്യോഗസ്ഥരെ പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും ചേര്‍ന്ന് ആദരിക്കുന്നു

രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദരവ്

കോന്നി പയ്യനാമണ്‍ പാറമട ദുരന്തത്തില്‍ അപകടകരമായ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിവിധ ഉദ്യോഗസ്ഥരെയും കോന്നി പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും ചേര്‍ന്ന് ആദരിച്ചു. ദുരന്തത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയേയും പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തെയും അതിജിവിച്ചാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ് ഉദ്യോഗസ്ഥരെയും ലോംഗ് ബൂം എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ കണ്ണനെയുമാണ് ചടങ്ങില്‍ ആദരിച്ചത്.
എല്ലാ സമര്‍ദത്തെയും അതീജിവിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടറുടെ പ്രവര്‍ത്തനം പ്രശംനീയമായിരുന്നു. ദുരന്തം ഉണ്ടായ ഉടന്‍ സ്ഥലത്തെത്തിയ അദ്ദഹം രക്ഷാപ്രവര്‍ത്തനം ഏകോപിച്ചതായി എംഎല്‍എ ചൂണ്ടികാട്ടി.
രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യം നല്‍കിയതെന്ന് മുഖ്യ അതിഥിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി.  തുടര്‍ന്നാണ് ലോംഗ് ബൂം എസ്‌കവേറ്റര്‍ അടക്കം വലിയ ഉപകരണം എത്തിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടാണ് ഇതു സാധ്യമാക്കിയത്. റവന്യുവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.  
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷയായി. അടൂര്‍ ആര്‍ഡിഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്,  കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date