Skip to main content

വികസനപാതയിൽ ചേർത്തല താലൂക്ക് ആശുപത്രി : ആറ് നില കെട്ടിടനിർമ്മാണം പൂർത്തീകരണത്തിലേക്ക്

 

*84 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം

 

ചേർത്തല താലൂക്ക് ആശുപത്രിയില്‍ ആറുനിലകളിലായി അത്യാധുനിക ചികിത്സ സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. 70 ശതമാനം നിർമ്മാണപ്രവർത്തികൾ ഇതിനോടകം പൂര്‍ത്തിയായി. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 84 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഒ പി അനുബന്ധ സേവനങ്ങൾ, കിടത്തി ചികിത്സാ സംവിധാനം, സർജറി വിഭാഗം, നാല് ഓപ്പറേഷൻ തിയേറ്ററുകൾ, 30 കിടക്കകളുള്ള മൂന്ന് ഐസിയു, ജനറൽ സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഇ എൻ ടി പീഡിയാട്രിക്, അനസ്തേഷ്യ, ഡെന്റൽ, ഡെർമറ്റോളജി വിഭാഗങ്ങൾ, ഓക്സിലറി സേവനങ്ങൾ, ലാബ്, എക്സ് റേ, ഫാർമസി തുടങ്ങിയവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കുന്നത്. 

 

ചേർത്തല, അരൂർ മണ്ഡലങ്ങളിലെ നിരവധി സാധാരണക്കാരുടെ ആശ്രയമായ താലൂക്ക് ആശുപത്രിയിൽ പ്രതിദിനം 1200ൽപ്പരം രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ട്. മുന്നൂറോളം ക്യാഷ്വാലിറ്റി, നൂറോളം കിടത്തി ചികിത്സ, ചെറുതും വലുതുമായി അറുപതോളം സർജറികൾ എന്നിവ പ്രതിദിനം നടന്നുവരുന്നു. രോഗികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. 

 

2022ൽ ആരംഭിച്ച പ്രവർത്തനങ്ങൾ നിലവിൽ പൂർത്തീകരണ ഘട്ടത്തിലാണ്. സ്ട്രക്ചറൽ വർക്കുകൾ പൂർത്തിയായി. പെയിന്റിംഗ് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ആശുപത്രിക്ക് മുഴുവനായി വൈദ്യുതി കിട്ടുന്നതിനുള്ള സോളാർ പാനലും പുതിയ കെട്ടിടത്തിൽ ഒരുക്കും. ഇതിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. മുഴുവൻ പ്രവർത്തനങ്ങളും എത്രയും വേഗം പൂർത്തിയാക്കി സെപ്റ്റംബറോടെ കെട്ടിടം നാടിന് സമർപ്പിക്കുവാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

date