Skip to main content

വിമാനത്താവള ഉദ്ഘാടനം ആഘോഷമാക്കാന്‍ വന്‍ ഒരുക്കം;  ഉദ്ഘാടന വേദിയില്‍ എട്ട് മണി മുതല്‍  കലാ പരിപാടികള്‍

 

ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രചാരണ ബാനറുകള്‍ സ്ഥാപിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി നിര്‍വാഹക സമിതി യോഗം നിര്‍ദേശിച്ചു. എല്ലാ സഹകരണ സ്ഥാപനങ്ങളോടും ബോര്‍ഡോ ബാനറോ സ്ഥാപിക്കാന്‍ നിര്‍ദേശിക്കാനും യോഗത്തില്‍ തീരുമാനമായി. ഉദ്ഘാടനത്തിന്റെ ഭാഗമായി മട്ടന്നൂര്‍ പട്ടണത്തിലും പരിസരങ്ങളിലും ദീപാലങ്കാരം ഒരുക്കും. മട്ടന്നൂര്‍ പട്ടണത്തില്‍ നഗരസഭയും വായന്തോട് മുതല്‍ വിമാനത്താവളം വരെയുള്ള ഭാഗത്ത് പ്രാദേശിക സംഘാടക സമിതിയുമായിരിക്കും ദീപാലങ്കാരം ഒരുക്കുക. പട്ടണത്തിലെ വ്യാപാരികളോട് വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കാനും അഭ്യര്‍ഥിക്കും.

ജില്ലയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ജില്ലാ അതിര്‍ത്തിയിലും കിയാലിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ഡിങ്ങ് സ്ഥാപിക്കും. ഹരിത പെരുമാറ്റം പൂര്‍ണമായി പാലിച്ച് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ പ്രചാരണ ബോര്‍ഡ്, ബാനര്‍ എന്നിവക്ക് ഉപയോഗിക്കാവൂ എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും യോഗം തീരുമാനിച്ചു.

ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്‍പതിന്‌ പ്രധാന വേദിയില്‍ രാവിലെ എട്ട് മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ വി തുളസീദാസ് അറിയിച്ചു. ഒമ്പത് മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കോളികൊട്ട് നടക്കും.  10 മണിക്കായിരിക്കും ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ഉദ്ഘാടന വിമാനത്തില്‍ പോകുന്ന യാത്രക്കാരെ വായന്തോട് ജങ്ങ്ഷനില്‍ നിന്ന് പ്രത്യേക വാഹനത്തിലായിരിക്കും വിമാനത്താവളത്തിലേക്ക് കൊണ്ടുവരിക. ഏഴ് മണി മുതല്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യും. രാവിലെ 6.30 ന് ഇവരോട് വായന്തോട് ജങ്ങ്ഷനില്‍ എത്താന്‍ നിര്‍ദേശിക്കുമെന്നും എംഡി അറിയിച്ചു. ടെര്‍മിനല്‍ കെട്ടിടത്തില്‍ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് വരവേല്‍പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്ഘാടന ദിവസം വിമാനത്താവളത്തിലേക്ക് കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവ മട്ടന്നൂര്‍ ഹൈസ്‌ക്കൂള്‍, പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. കിയാലിന്റെ പാസുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമേ വിമാനത്താവള പരിസരത്തേക്ക് കടത്തിവിടൂ. പാര്‍ക്കിങ്ങ് പോയിന്റില്‍ നിന്ന് പ്രത്യേക ബസ്സുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കും. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കാനും യോഗം നിര്‍ദേശിച്ചു. ഡിസംബര്‍ ഏഴിന് മട്ടന്നൂരില്‍ വിപുലമായ വിളംബര ഘോഷയാത്ര നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ ഇ പി ലത, എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി തുളസീദാസ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ പി ജോസ്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ രാജന്‍,  മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date