Skip to main content

പാടശേഖരങ്ങളില്‍ കരിഞ്ചാഴി; ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം

കരിഞ്ചാഴി ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയ വ്യാപനം ഉണ്ടാക്കും

പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം നെല്‍ കൃഷി പാടശേഖരങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്. കൃഷി നാഷമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രതവേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളില്‍ ഇലകളിലാണ് ഇത്തരം ചാഴികള്‍ കയറിയിരിക്കുക. അല്ലെങ്കില്‍ മണ്ണിലും ചെടികളുടെ 
ചുവടുഭാഗത്തുമായിരിക്കും കീടസാന്നിധ്യം കാണുക. നീരുറ്റിക്കുടിക്കുന്ന ഈ കീടം വദനഭാഗത്ത് ഇരവശങ്ങളിലായുള്ള മുള്ളുകള്‍ കൊണ്ട് ഇലകളിലും നടുനാമ്പിലും മുറിവുകള്‍ ഉണ്ടാക്കുകയും ഈ ഭാഗം വച്ച് ഇലകള്‍ മുറിഞ്ഞു
പോവുകയോ നടുനാമ്പ് വാടിപ്പോവുകയോ ചെയ്യും. കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവുകളിലൂടെ ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയയുടെ വ്യാപനം ഉണ്ടാകാനും സാധ്യതയുണ്ട്. ആക്രമണം കൂടുതലാകുന്ന സാഹചര്യത്തില്‍ ചെടികളില്‍ വളര്‍ച്ച മുരടിപ്പ്,
മഞ്ഞളിപ്പ്, നടുനാമ്പു വാട്ടം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. 
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍:
ചുവടുമുങ്ങും വിധം വെള്ളം കയറ്റിയിട്ടാല്‍ ചുവട്ടില്‍ നിന്നും ചാഴികള്‍ മുകളിലേയ്ക്ക് കയറും. ഇതുവഴി ചുവട്ടില്‍ നിന്ന് നീരൂറ്റിക്കുടിക്കുന്നത് ഒഴിവാക്കാനാകും. മാത്രമല്ല വെള്ളം കയറി ആറ് മണിക്കൂറില്‍ കൂടുതല്‍ ചുവട്ടിലെ ഇലകള്‍
മുങ്ങിക്കിടന്നാല്‍ ഈ ഇലകളിലിട്ട മുട്ടക്കൂട്ടങ്ങള്‍ നശിക്കുകയും ചെയ്യും. മുകളിലേയ്ക്കു കയറുന്ന ചാഴികളെ പക്ഷികളും മറ്റും ആഹാരമാക്കും. ഇരപിടിയന്മാരായ തറവണ്ടുകള്‍, ആമവണ്ടുകള്‍ എന്നിവ മുട്ടക്കൂട്ടങ്ങളെ തിന്നു നശിപ്പിക്കും.
മേഖലയിലെ മിക്ക കൃഷിയിടങ്ങളിലും ഇവയുടെ സാന്നിധ്യം കാണുന്നുണ്ട്. വെളുത്ത വാവിനോട് അടുത്ത ദിവസങ്ങളിലാണ് കീടസംഖ്യയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. കീടസംഖ്യ കൂടുതലായി കാണുകയും നെല്ലില്‍ ഓല മഞ്ഞളിപ്പ്, വളര്‍ച്ച മുരടിപ്പ്, നടുനാമ്പ് വാട്ടം മുതലായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സാങ്കേതിക ഉപദേശം അനുസരിച്ച് കീടനാശിനി പ്രയോഗം നടത്താം. ജൈവകൃഷി രീതികള്‍ അനുവര്‍ത്തിക്കുന്ന കൃഷിയിടങ്ങളില്‍ അസാഡിറക്ടിന്‍1 500 പിപിഎം ഏക്കറിന് ഒരു ലിറ്റര്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാം. മെറ്റാറൈസിയം, ബെവേറിയ, മിത്രനിമാവിരകള്‍ എന്നിവ പ്രയോഗിച്ചും കീടസംഖ്യ നിയന്ത്രണ വിധേയമാക്കാവുന്നതാണ്. രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തരി രൂപത്തിലുള്ളവ
പ്രയോഗിക്കുകയാണ് അഭികാമ്യം. രാസവളങ്ങളോടൊപ്പം ഇവ ചേര്‍ത്ത് പ്രയോഗിക്കാം. തരി രൂപത്തിലുള്ള കീടനാശിനികള്‍ രാസവളത്തോടൊപ്പം ചേര്‍ത്ത് പ്രയോഗിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തിക്ക് മിനുക്കം വെള്ളം കണ്ടത്തില്‍ നിലനിര്‍ത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. 
നെടുമുടി - 8547865338
പുന്നപ്ര - 9074306585
കൈനകരി - 9961392082
ചമ്പക്കുളം – 9567819958
(പിആര്‍/എഎല്‍പി/2019)

date