Skip to main content

മണ്ണൊലിപ്പ് തടയാന്‍ രാമച്ചം;  സാധ്യതാ പഠനം നടത്തുന്നു

    പ്രളയബാധിത പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മണ്ണൊലിപ്പ് തടയാന്‍ രാമച്ചം നട്ടുപിടിപ്പിക്കുന്നതിന് സാധ്യതാ പഠനം നടത്തുന്നു. ഇന്ത്യ വെറ്റിവേര്‍ നെറ്റ്‌വര്‍ക്കും തമിഴ്‌നാട് ആസ്ഥാനമായ വെറ്റിവേര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സും സംയുക്തമായാണ് പഠനം നടത്തുക. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ആലോചനാ യോഗത്തിലാണ് തീരുമാനം. സ്ഥലങ്ങള്‍ കണ്ടെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മണ്ണ് സംരക്ഷണ വകുപ്പിനെ കലക്ടര്‍ ചുമതലപ്പെടുത്തി. കാലവര്‍ഷത്തില്‍ വൈത്തിരി, പൊഴുതന, തിരുനെല്ലി, തവിഞ്ഞാല്‍, പനമരം പഞ്ചായത്തുകളിലാണ് രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. ഇവിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാമച്ചം നട്ടുപിടിപ്പിക്കുക. ഇതിന്റെ സാധ്യത മനസ്സിലാക്കിക്കൊടുക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി ഇന്ത്യ വെറ്റിവേര്‍ നെറ്റ്‌വര്‍ക്ക് കോ-ഓഡിനേറ്റര്‍ പി ഹരിദാസ്, തമിഴ്‌നാട് ആസ്ഥാനമായ വെറ്റിവേര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ സയിദ് സാംസണ്‍ നാബി എന്നിവര്‍ ചര്‍ച്ച നടത്തും. ഇതിനു മുന്നോടിയായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനമായി. പൈലറ്റ് പദ്ധതി വിജയിച്ചാല്‍ വരുംവര്‍ഷങ്ങളില്‍ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഇതു വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ണിനുള്ളില്‍ കോണ്‍ക്രീറ്റ് മതില്‍ പോലെ നിലനില്‍ക്കുന്നതാണ് രാമച്ചത്തിന്റെ വേരുകള്‍. ആറുമുതല്‍ 10 അടി വരെ കുത്തനെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതാണിത്. യോഗത്തില്‍ എന്‍ആര്‍ഇജിഎ പ്രൊജക്റ്റ് ഓഫിസര്‍ പി ജി വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സിബി വര്‍ഗീസ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രതിനിധി സി ഡി സുനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date