*കൈപ്പമംഗലം മണ്ഡലത്തിൽ ലഹരിക്കെതിരെ ജനകീയ ക്യാമ്പ് സംഘടിപ്പിച്ചു*
കൈപ്പമംഗലം മണ്ഡലത്തിൽ കുട്ടികളെ അണിനിരത്തി ലഹരിക്കെതിരെയുള്ള ജനകീയ ക്യാമ്പ് സംഘടിപ്പിച്ചു. മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ബോധവത്കരണ പരിപാടി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മതിലകം സെന്റ് ജോസഫ് സ്കൂളിൽ ഏട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ, അധ്യാപകർ, എഴുത്തുകാർ, വിദ്യാഭ്യാസ-ആരോഗ്യ പ്രവർത്തകർ, എക്സൈസ് ഉദ്യോഗസ്ഥർ, ബ്ലോഗർമാർ,ഡി ഇ ഒ, എഇഒ, ബിപിസിമാർ , തുടങ്ങിയ വിവിധ മേഖലകളിലെ തെരഞ്ഞെടുത്ത 51 പേരാണ് ക്യാമ്പയിനിൽ പങ്കെടുത്തത്. കുട്ടികൾ അവരുടെ സംശയങ്ങളും, ആശങ്കകളും ക്ലാസിലെത്തിയ റിസോഴ്സ് പേഴ്സൺമാരുമായി പങ്ക് വെച്ചു.
കുട്ടികൾക്ക് ലഹരിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മണ്ഡലം സമിതി ഒപ്പമുണ്ടാവുമെന്നും ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങളും കൗൺസലിംഗും നിരന്തരം ലഭ്യമാക്കുമെന്നും മണ്ഡലം സമിതിയുടെ ചെയർമാനായ എംഎൽഎ പറഞ്ഞു. ക്ലാസുകൾക്ക് ശേഷം പ്രഗത്ഭ ശിൽപി ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ കുട്ടികൾ മൈതാനിയിൽ സേ നോ ടു ഡ്രഗ്സ് എന്ന് ഇംഗ്ലീഷ് അക്ഷരരൂപത്തിൽ അണിനിരന്ന് മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിഡന്റ് ടി.കെ. മീരാഭായി, അധ്യാപക അവാർഡ് ജേതാക്കളായ കെ.കെ. ഹരീഷ് കുമാർ, വി.കെ. മുജീബ് റഹ്മാൻ, എ.കെ. മൊയ്തീൻ, ബ്ലോഗർ മൊനി ഷെബീർ, എഴുത്തുകാരായ ആദിത്യൻ കാതിക്കോട്, ഹവ്വ ടീച്ചർ, അഫ്നാസ്, മാനേജർ ഫാദർ ഷൈജൻ കളത്തിൽ, സി.ഐ.ബാല സുബ്രമുഹ്മണ്യൻ, എം.ഇ.എസ്. അസ്മാബി കോളേജിലെ സൈക്കോളജി വിഭാഗം തലവൻ ലത്തീഫ് ചേനത്ത്, സ്വരക്ഷ കൺവീനർ പി.ആർ ശ്രീധർ, ഇ.ആർ. രേഖ എന്നിവർ ക്ലാസുകൾ നയിച്ചു. കോഡിനേറ്റർ ടി.എസ്. സജീവൻ സ്വാഗതവും ഹെഡ് മാസ്റ്റർ ജോജി ജോസഫ് നന്ദിയും പറഞ്ഞു.
- Log in to post comments