Skip to main content
വണ്ടിപ്പെരിയാര്‍ മ്ലാമല മാവേലി സ്റ്റോര്‍ ഉദ്ഘാടനം

സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൂടുതലായി തുറക്കും: സപ്ലൈകോ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ  വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി പി. തിലോത്തമന്‍

 

സപ്ലൈകോ വിതരണം ചെയ്യുന്ന 14 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില ഈ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലയളവിലും തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ സപ്ലൈകോ മാവേലിസ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ നിത്യോപയോഗ സാധനങ്ങളും 20 ശതമാനം വിലക്കിഴിവില്‍ ലഭ്യമാക്കുമെന്നും സപ്ലൈകോ സബ്‌സിഡിയുള്ള 14 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ ഉള്ള വില തുടരുമെന്നായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. ഇപ്പോഴും ആ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കടത്തുകൂലിയില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായ സാഹചര്യത്തിലും സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലയളവിലും നിലവിലുള്ള നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നാണ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം. ജയഅരി 10 കിലോവീതം കിലോയ്ക്ക് 25 രൂപ നിരക്കിലും പഞ്ചസാര ഒരുകിലോയ്ക്ക് 22 രൂപ നിരക്കിലും ചെറുപയര്‍ 65 രൂപയ്ക്കും വന്‍പയര്‍ 45 രൂപയ്ക്കും നല്‍കിവരുന്നു. അവശ്യസാധനങ്ങളായ 14 ഇനങ്ങള്‍ക്ക് വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സബ്‌സിഡിയില്ലാതെ ജയഅരി മട്ട കിലോയ്ക്ക് 32 രൂപയ്ക്ക് നല്‍കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും നാളികേരത്തിന്റെ ഉല്പാദനം ഗണ്യമായി കുറയുകയാണ്. ഇത് വെളിച്ചെണ്ണയുടെ വിലയില്‍ പ്രതിഫലിക്കുന്നു. നിലവില്‍ വിപണിയില്‍ 230 രൂപ വിലയുള്ള വെളിച്ചെണ്ണ ഒരു കിലോയ്ക്ക് 90രൂപക്കാണ് സപ്ലൈകോ നല്‍കുന്നത്. ആവശ്യാനുസരണം നല്‍കാന്‍ കഴിയുന്നില്ലെങ്കിലും 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോ വിതരണം നടത്തുന്നുണ്ട്. വര്‍ഷത്തില്‍ 100 കോടി രൂപയുടെ ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. വിപണിയില്‍ 40 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് നല്‍കുന്നു. സപ്ലൈകോയ്ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 70 കോടിരൂപയാണ് അനുവദിച്ചതെങ്കില്‍ ഈ സര്‍ക്കാര്‍ 200 കോടിരൂപ വീതം കഴിഞ്ഞ രണ്ട് ബജറ്റ് കാലയളവില്‍ ലഭ്യമാക്കി.മൂന്നാം വര്‍ഷത്തില്‍ സപ്ലൈകോക്ക് ഇതുപോല സഹായം ലഭ്യമാകും. 

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം കൂടുതല്‍ പേര്‍ക്ക് എത്താന്‍ പ്രയാസമായ ഇടുക്കി ജില്ലയില്‍ ഒരു പഞ്ചായത്തില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ മാവേലിസ്റ്റോറും അനുവദിക്കുമെന്നും എല്ലാ നഗരങ്ങളിലും ഗൃഹോപകരണങ്ങല്‍ കൂടി ലഭ്യമാക്കുന്ന ഷോപ്പിംഗ് സെന്ററുകള്‍ ഒരുകുടക്കീഴില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിതരണത്തിന്റെ അടിസ്ഥാനഘടകമായ റേഷന്‍കടകളില്‍ ഈപോസ് മെഷീനുകള്‍ ഇലക്‌ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16000 രൂപ യായി വര്‍ദ്ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വിജയകുമാരി ഉദയസൂര്യന്‍, എസ്.പി. രാജേന്ദ്രന്‍, ഗീതാനേശയ്യന്‍, കെ.കെ. സുരേന്ദ്രന്‍, ജസ്റ്റിന്‍ ചവറപ്പുഴ, ജോസ് ഫിലിപ്പ്, കെ.വി.സുരേഷ്. പി. രാജന്‍, വി.സി.ബാബു, മജുസെബാസ്റ്റ്യന്‍, ഷിജി ഹനീഫ, കെ.പി. സലീം, പി.എ നവാസ്, ആന്റണി ആലഞ്ചേരി, ബിജു, വത്സമ്മ ഗോപി, സപ്ലൈകോ കോട്ടയം മേഖലാ മാനേജര്‍ ബി. ജ്യോതികൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. ഡേവിസ് എന്നിവര്‍ സംസാരിച്ചു. 

date