എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സപ്ലൈകോ മാളുകള്‍ ആരംഭിക്കും -മന്ത്രി പി. തിലോത്തമന്
അവശ്യ സാധനങ്ങളെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി ജില്ലാ കേന്ദ്രങ്ങളില്‍ സപ്ലൈകോ മാളുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്. കാഞ്ചിയാറില്‍ സപ്ലൈകോ
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രധാന ഒന്‍പത് കേന്ദ്രങ്ങളില്‍ ഗൃഹോപകരണങ്ങള്‍ കൂടി വിപണനം നടത്താവുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. യാത്രാ അസൗകര്യത്താല്‍ ബുദ്ധിമുട്ടുന്ന മുഴുവന്‍ ആദിവാസി ഊരുകളിലേയ്ക്കും ഭക്ഷ്യധാന്യമെത്തിച്ചു നല്‍കാനുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചു കഴിഞ്ഞു. രാജ്യമൊട്ടാകെ വിലക്കയറ്റം വ്യാപിച്ചപ്പോഴും അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സപ്ലൈകോയിലൂടെ വിതരണം ചെയ്ത് കേരളത്തില്‍ പൊതു കമ്പോളം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 200 കോടി രൂപയാണ് സപ്ലൈകോ പൊതുവിതരണ കേന്ദ്രങ്ങളുടെ മാര്‍ക്കറ്റ് വിപുലീകരണത്തിനായി സര്‍ക്കാര്‍ മാറ്റി വച്ചത്. അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
മാത്യം ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇ. എസ്. ബിജിമോള്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.കഴിഞ്ഞ 15 വര്‍ഷമായി കാഞ്ചിയാര്‍ പള്ളിക്കവലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മാവേലി സ്റ്റോറാണ് കാഞ്ചിയാര്‍ ടൗണിനു സമീപനം തന്നെ പടന്നമാക്കല്‍ കെട്ടിടത്തില്‍ 2400 സ്ക്വയര്‍ ഫീറ്റില്‍ വിപുലമായ സൗകര്യത്തോടെ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയിരിക്കുന്നത്. രണ്ട് ബില്ലിംഗ് കൗണ്ടറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേന ലഭ്യമാക്കുന്നതിനു പുറമെ പൊതുവിപണിയേക്കാള്‍ 5 ശതമാനം മുതല്‍ 30ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം സാധനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും സൂപ്പര്‍ മാര്‍ക്കറ്റിലുണ്ട്. പഴം-പച്ചക്കറി, കയര്‍, മില്‍മ ഉല്‍പ്പന്ന സ്റ്റാളുകളും സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നു.
യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ആദ്യവില്പന നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സിറിയക് തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്, സിബി മാളവന, കെ.എന്‍.ബിനു, തങ്കമണി സുരേന്ദ്രന്, ബിന്ദു മധുക്കുട്ടന്‍, കെ.കെ ശിവരാമന്, വി.വി. ജോസ്, ജോയി ഈഴക്കുന്നേല്‍, കെ.സി.ബിജു, സാവിയോ പള്ളിപ്പറമ്പില്‍, ജോസ് ഞായര്‍കുളം, രാജന് മണ്ണൂര്‍, ഷൈനി കെ.എം, വി.ആര്.ശശി എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ കോട്ടയം മേഖലാ മാനേജര്‍ ബി.ജ്യോതികൃഷ്ണ സ്വാഗതവും ജില്ലാ സപ്ലൈ ആഫീസര്‍ സി.വി. ഡേവിസ് നന്ദിയും പറഞ്ഞു.
- Log in to post comments