പ്രളയ അതിജീവന പദ്ധതിയിൽ ജില്ലയിൽ നാല് ഡിസൈനർ റോഡുകൾ നിർമ്മിക്കും: മന്ത്രി ജി സുധാകരൻ*
പ്രളയ അതിജീവന പദ്ധതി പ്രകാരം ജില്ലയിൽ ആധുനിക രീതിയിലുള്ള നാല് ഡിസൈനർ റോഡുകൾ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു. കട്ടപ്പന നഗരസഭാ ഹാളിൽ ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്മണ്ണാർ - ഗ്യാപ് റോഡ് (25 കോടി), വണ്ടിപ്പെരിയാർ - മൂഴിയാർ (20 കോടി), പൈനാവ് - താന്നിക്കണ്ടം (25 കോടി), ഇടുക്കി - നേര്യമംഗലം (25 കോടി) എന്നീ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നത്. ഒരു കിലോമീറ്ററിന് ഒന്നു മുതൽ ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ''
റോഡുകൾക്കും പാലങ്ങൾക്കും ജില്ലയിൽ 3000 കോടി രൂപ ചെലവഴിക്കും'
പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും റോഡുകളും പാലങ്ങളും തകർന്ന് ഗതാഗത പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഇടുക്കി വയനാട് ജില്ലകൾക്ക് കൂടുതൽ ധനസഹായം അനുവദിക്കും. 140 നിയോജക മണ്ഡലങ്ങളിൽ ഗുരുതരമായി റോഡുകൾ തകർന്ന 30 ഓളം മണ്ഡലങ്ങളിൽ കനത്ത തകർച്ച നേരിട്ട ഇടുക്കി വയനാട് ജില്ലകളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രത്യേക പരിഗണന നൽകും. റോഡുകളുടെ അറ്റകുറ്റപണി, ശാക്തീകരണം, റോസുകളുടെയും പാലങ്ങളുടെയും നിർമ്മാണം എന്നിവയ്ക്കാണ് ഫ്ലഡ് വർക്ക്, പ്ലാൻ ഫണ്ട്, മലയോര ഹൈവേ, കിഫ്ബി എന്നിവയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് ഫണ്ട് ലഭ്യമാക്കുന്നത്.
ജില്ലയിൽ റോഡുകളുടെ അറ്റകുറ്റപണികൾക്ക് നൽകിയത് 38 കോടി
പ്രകൃതിദുരന്തങ്ങളിലും പ്രളയത്തിലും തകർന്ന ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികൾക്ക് 38 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. റോഡുകൾ ഗതാഗത യോഗ്യമാക്കാൻ അടിയന്തരമായി അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും തടസങ്ങളും മറികടക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടണം. ജോലികൾ അനശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
മലയോര ഹൈവേ നിർമ്മാണം ത്വരിതപ്പെടുത്തും
ജില്ലയിൽ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. പലയിടങ്ങളിലും ജനങ്ങൾ തന്നെ ആവശ്യമായ സ്ഥലം വിട്ടു നൽകുന്നുണ്ട്. സംസ്ഥാനത്ത് മലയോര ഹൈവേയിൽ ഏറ്റവും കൂടുതൽ റീച്ചുകൾ ഉള്ളത് ഇടുക്കിയിലാണ്. മറ്റു ജില്ലകളിൽ ഒന്നും രണ്ടും റീച്ചുകൾ ഉള്ളപ്പോൾ ഇടുക്കിയിൽ ഏഴു റീച്ചുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം ദേശീയ പാതയുടെ ഭാഗമാണ്. അഞ്ചു റീച്ചുകളിലും രണ്ടര വർഷത്തിൽ നിർമ്മാണം പൂർത്തിയാക്കും. സർക്കാരിന്റെ കാലയളവിൽ ജില്ലയിലുടനീളം റോഡു ശൃംഖലകൾ പൂർണതോതിൽ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാതകൾ ഉൾപ്പെടെ ജില്ലയിൽ റോഡ് ശ്യoഖലകൾ പൂർത്തിയാക്കാൻ ഭൂമി ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം സജീവമായി ഇടപെടുമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ കലക്ടർ ജീവൻ ബാബു കെ അറിയിച്ചു. സർവെയുo ഭൂമി ഏറ്റെടുക്കുന്നതിന് റവന്യം വകുപ്പിന്റെ നടപടികൾ ത്വരിതപ്പെടുത്തും.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് രണ്ടു ദിവസത്തെ ശിൽപശാല നടത്തും.
ആധുനിക കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് ഗുണമേന്മയോടും സമയബന്ധിതമായും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ പ്രചോദനം നൽകുന്നതിന് താഴെ തലത്തിൽ മുതലുള്ള ഉദ്യോഗസ്ഥർക്ക് ജില്ലയിൽ രണ്ടു ദിവസത്തെ പദ്ധതി നിർവഹണ ശിൽപശാല സംഘടിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. ആധുനിക രീതിയിൽ നിർമാണങ്ങൾ ഏറ്റെടുക്കുന്നതിനും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും കാര്യനിർവഹണശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. എഞ്ചിനീയർമാരുൾപ്പെടെയുള്ളവരുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു ഉതകുന്ന വിധം പരിശീലനം ലഭിക്കുന്ന വിധം ശിൽപശാല സംഘടിപ്പിക്കാനാണ് ചീഫ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ അലംഭാവം അനുവദിക്കില്ല: മന്ത്രി
ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാതെ മനഃപൂർവ്വം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥ സമീപനം ഒരു തരത്തിലും അനുവദിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ പുരോഗതി പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം. മികച്ച നിർമ്മാണ ചരിത്രമുള്ള കരാറുകാരെ പ്രവൃത്തികൾ ഏല്പിക്കണം. നിർമ്മാണ ജോലികളും അറ്റകുറ്റപണികളും അനശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും മന്ത്രി അഭി പ്രായപ്പെട്ടു.
ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യമാണുള്ളതെന്നും സമയബന്ധിതമായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജോലികൾ പൂർത്തിയാക്കണമെന്നും മന്ത്രി എം എം മണി പറഞ്ഞു. ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാടാണ് ജനപ്രതിനിധികൾ സ്വീകരിക്കുന്നത്. അനാവശ്യമായ ഒരു ഇടപെടലും ഈ സർക്കാരിന്റെ കാലത്തുണ്ടാകില്ല. ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്.കൃത്യതയോടെ കാര്യങ്ങൾ ചെയ്യാൻ ഒരു ഭയപ്പാടിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളുടെ അറ്റകുറ്റപണികളും നിർമ്മാണ ജോലികളും സമയബന്ധിതമായി എത്രയും വേഗം പൂർത്തിയാക്കണമെന്നും കുഴിയായിക്കിടക്കുന്ന റോഡുകൾ സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്തണമെന്നും യോഗത്തിൽ സംസാരിച്ച ജോയ്സ് ജോർജ് എം പി ആവശ്യപ്പെട്ടു. കട്ടപ്പന നഗരസഭാ ചെയർമാൻ മനോജ് എം തോമസ്, ജില്ലാ കലക്ടർ ജീവൻ ബാബു കെ, പൊതുമരാമത്ത് വകുപ്പ് (റോഡ് സ് ) ചീഫ് എഞ്ചിനീയർ ജീവരാജ്, സൂപ്രണ്ടിംഗ് എഞ്ചിനിയർ ബിന്ദു കെ.ടി, എക്സി.എഞ്ചിനീയർ രമ പി.കെ കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ ഹൈദ്രു ഇ കെ ,സൂപ്രണ്ടിംഗ് എഞ്ചിനിയർ എ മുഹമ്മദ്, എക്സി.എഞ്ചിനീയർ അജിത് കുമാർ വി.വി, വിവിധ സെക്ഷനുകളിൽ നിന്നുള്ള അസി. എഞ്ചിനീയർമാർ ,പൊതുമരാമത്ത് മന്ത്രി അസി. പ്രൈവറ്റ് സെകട്ടറിമാരായ എസ് മണികണ്ഠ കുമാർ, എ വി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments