Skip to main content

എച്ച്.ഐ.വി ബാധിതരെ ഒറ്റപ്പെടുത്തുന്നത്  കൂട്ടായി ചെറുക്കണം-കെ.വി സുമേഷ്     

നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ എച്ച്.ഐ.വി ബാധിച്ചവരോട് കാരുണ്യം കാണിക്കുന്നില്ലെങ്കില്‍ നാം മനുഷ്യരല്ലെന്നും എച്ച്.ഐ.വി ബാധിതരെ ഒറ്റപ്പെടുത്തുന്നത് കൂട്ടായി ചെറുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.ഐ.വി ബാധിതരെ ഒറ്റപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. രോഗികള്‍ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. അവരെ ഭ്രഷ്ട് കല്‍പിച്ച് മാറ്റി നിര്‍ത്തുന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ല. എല്ലാ വ്യക്തികളുടെ ആരോഗ്യവും പരമപ്രധാനമാണ്. പരസ്പരം കരുതല്‍ ഉണ്ടാവണം. എച്ച്.ഐ.വി ബാധിതര്‍ക്ക് സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള മനസ്സ്് നമുക്ക് ഉണ്ടാവണം. ഒരു വര്‍ഷക്കാലം വിദ്യാലയങ്ങളും യുവാക്കളെയും കേന്ദ്രീകരിച്ച് എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
    സ്വയം വിദ്യാഭ്യാസം നല്‍കാനും ബോധവത്കരണം നടത്താനും സമൂഹം തീരുമാനിച്ചാല്‍ നിശ്ചയമായും അതിന്റെ ഫലം ഉണ്ടാവുമെന്നാണ് എയ്ഡ്‌സ് ദിനാചരണം നല്‍കുന്ന ഓര്‍മപ്പെടുത്തലെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. ഏത് കുപ്രചാരണങ്ങളെയും അതിജീവിച്ച് വിദ്യാഭ്യാസവും ശാസ്ത്രവും സത്യവും വിജയിക്കുമെന്നും മീസില്‍സ്-റുബെല്ല കാമ്പയിന്‍ കൂടി പരാമര്‍ശിച്ച് കളക്ടര്‍ പറഞ്ഞു. റെഡ് റിബണ്‍ അണിയലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ റിബണ്‍ അണിയിച്ച് കളക്ടര്‍ നിര്‍വഹിച്ചു.
    നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്‌കിറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ  കണ്ണൂര്‍ കൊയിലി കോളജ് ഓഫ് നഴ്‌സിംഗ്, രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ.കെ.ജി സ്മാരക സഹകരണ നഴ്‌സിംഗ് കോളജ്, മൂന്നാം സ്ഥാനം നേടിയ പരിയാരം എ.സി.എം.ഇ കോളജ് ഓഫ് നഴ്‌സിംഗ് എന്നീ ടീമുകള്‍ക്ക് ജില്ലാ കളക്ടര്‍ ട്രോഫി സമ്മാനിച്ചു.
    ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി.ടി റംല, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. ലിഷ ദീപക്, ഇ. ബീന, ചോല സുരക്ഷാ പദ്ധതി പ്രസിഡന്റ് മുനീറ വി.പി, വിഹാന്‍ ഹെല്‍പ് ഡെസ്‌ക് കോ ഓഡിനേറ്റര്‍ ടി.കെ മധുസൂദനന്‍, ബിന്ദു പി.കെ, ശേഷ്മ വി.പി എന്നിവര്‍ സംസാരിച്ചു. എച്ച്.ഐ.വി/എയ്ഡ്‌സ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എ.ടി മനോജ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
    കുടുംബശ്രീ, വിഹാന്‍, ചോല സുരക്ഷാ പദ്ധതി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരായ സ്ത്രീകളുടെ അയല്‍ക്കൂട്ട രൂപീകരണവും സെമിനാറും നടത്തി. സെമിനാറില്‍ 'കുടുംബശ്രീയും പാര്‍ശ്വവത്കൃത വിഭാഗവും' എന്ന വിഷയം കുടുംബശ്രീമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഡോ. സുര്‍ജിത്തും എച്ച്.ഐ.വി/എയ്ഡ്‌സ്: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയം ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സമിതി സെക്രട്ടറി പി.എം സാജിദും അവതരിപ്പിച്ചു.
    എയ്ഡ്‌സ് ദിനാചരണത്തിന്റെ സന്ദേശവും ചിത്രീകരണവുമായി സംഘടിപ്പിച്ച ആകര്‍ഷകമായ ബോധവത്കരണ റാലി കളക്ടറേറ്റില്‍നിന്നാരംഭിച്ച് നഗരം ചുറ്റി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. എന്‍.സി.സി, എസ്.പി.സി കാഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍, എച്ച്.ഐ.വി/എയ്ഡ്‌സ് സന്നദ്ധ പ്രവര്‍ത്തകര്‍, രക്തദാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത റാലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി കോളജ് ഓഫ് കോമേഴ്‌സില്‍ സന്നദ്ധ രക്തദാന ക്യാമ്പ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബോധവത്കരണ പ്രദര്‍ശനം എന്നിവയും നടത്തി.
പി എന്‍ സി/4563/2017

date