ഇ-മാലിന്യ ശേഖരണം: ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
ജില്ലയില്‍ നടപ്പാക്കുന്ന ഇ-മാലിന്യ ഡ്രൈവിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കട്ടപ്പന, തൊടുപുഴ നഗരസഭകളിലാണ് ആദ്യഘട്ടത്തില്‍ ഇ-മാലിന്യ ശേഖരണം നടപ്പിലാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഹരിതകര്‍മസേനാംഗങ്ങള്‍ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക യജ്ഞമാണിത്.
തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ടുതവണ ഇ-മാലിന്യങ്ങള്‍ ശേഖരിക്കും. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കുന്ന ഇ-മാലിന്യങ്ങള്‍ക്ക് ക്ലീന്‍ കേരള കമ്പനി നിശ്ചയിച്ച വിലയും ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ, സ്‌കൂളുകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഇലക്ട്രോണിക് റീട്ടെയിലര്‍മാര്‍ എന്നിവരുമായി സഹകരിച്ച് സംസ്ഥാന തലത്തില്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ഇ-മാലിന്യ ശേഖരണം.
ഇ-വേസ്റ്റ് എന്നത് പ്രവര്‍ത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. സി.ആര്‍.ടി ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷിന്‍, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു, സി.ആര്‍.ടി മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍.സി.ഡി മോണിറ്റര്‍, എല്‍.സി.ഡി അഥവാ എല്‍.ഇ.ഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷിന്‍, അയണ്‍ ബോക്‌സ്, മോട്ടോര്‍, സെല്‍ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, സ്റ്റബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്.എം.പി.എസ്, ഹാര്‍ഡ് ഡിസ്്ക്, സി.ഡി ഡ്രൈവ്, പി.സി.ബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്‌ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ ശാസ്ത്രീയമല്ലാതെ വലിച്ചെറിയുന്നത് മണ്ണ്, ജലം, വായു എന്നിവ മലിനമാക്കുകയും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരവുമാണ്.
കട്ടപ്പന നഗരസഭയില്‍ ജില്ലാ മാനേജര്‍ അനൂപ് ജോണ്‍സന്‍, ഇന്റേണ്‍ സുമിത്ര എസ് ബാബു എന്നിവരും തൊടുപുഴ നഗരസഭയില്‍ സെക്ടര്‍ കോ ഓഡിനേറ്റര്‍ ലിജി ആര്‍.എല്‍ , ശിവപ്രസാദ് വി എസ് എന്നിവരും ക്ലാസുകള്‍ നയിച്ചു.
നഗരസഭാ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ തുട്ങ്ങിയവരും സംബന്ധിച്ചു.
- Log in to post comments