പാടിയും പറഞ്ഞും സ്നേഹമലയാളം പരിശീലനക്കളരി
മാതൃഭാഷയായ മലയാളത്തിന്റെ അഭിവൃദ്ധിയും പ്രാധാന്യവും കുട്ടികളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസും ആകാശവാണി തൃശ്ശൂരും സംയുക്തമായി "സ്നേഹ മലയാളം പാടാം പറയാം" എന്ന പേരിൽ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പ്രൈമറി, പ്രീ-പ്രൈമറി മലയാളം അധ്യാപകർക്ക് പരിശീലനക്കളരി സംഘടിപ്പിച്ചു.
കളക്ട്രേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന കളരി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ആകാശവാണി ദൂരദർശൻ പ്രോഗ്രാം ഹെഡ് സി.ആർ ജയ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ, ഗ്രന്ഥകാരനും അധ്യാപകനുമായ ഉണ്ണി അമ്മയമ്പലം എന്നിവർ അധ്യാപകർക്കായി ക്ലാസുകൾ നയിച്ചു.
പുതുതലമുറയിലെ കുട്ടികളിലെ സംഗീതാഭിരുചിയിൽ വരുന്ന മാറ്റങ്ങൾ, പാട്ടുകളോട് കുട്ടികൾ കാണിക്കുന്ന പ്രതികരണങ്ങളിലെ വ്യത്യാസങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകരുമായി സംവദിക്കുകയും തന്റെ ചില പ്രശസ്ത ഗാനങ്ങൾ ബിജിബാൽ പാടുകയും ചെയ്തു. ബാലസാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉണ്ണി അമ്മയമ്പലം ക്ലാസിന് നേതൃത്വം നൽകി.
ആകാശവാണി കൊച്ചി അവതാരകൻ ടി.പി വിവേക്, ലേൺവെയർ എജ്യുടെക്ക് ഡയറക്ടർ ജിജു തോമസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ കൃഷ്ണകുമാർ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ, ലേൺവെയർ എജ്യുടെക്ക് അസോസിയേറ്റ് ലീഡ് എലിസബത്ത് സാമുവൽ, ആകാശവാണി തൃശ്ശൂർ അനൗൺസർ വൈ.എസ് പൗർണമി എന്നിവർ പങ്കെടുത്തു
- Log in to post comments