നായരമ്പലം ആധുനിക മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണം 10 മാസം കൊണ്ട് പൂർത്തിയാക്കും: മന്ത്രി സജി ചെറിയാൻ
നായരമ്പലത്തെ മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണം 10 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സമയബന്ധിതമായി പണി തീർക്കാൻ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നായരമ്പലം മത്സ്യ മാർക്കറ്റിൽ നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധന മേഖലയുടെ ക്ഷേമത്തിനായി ഒന്നും , രണ്ടും പിണറായി വിജയൻ സർക്കാരുകൾ 12,000 കോടി രൂപ ചെലവഴിച്ചു. സ്വതന്ത്ര്യ കേരളം ഉണ്ടായതിന് ശേഷം റെക്കോർഡാണിത്. അത്രമാത്രം ആത്മാർത്ഥതയോടെയാണ് മത്സ്യത്തൊഴിലാളി മേഖലയെ പരിപാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. മണ്ഡലത്തിന് മുഴുവൻ പ്രത്യേകിച്ച് നായരമ്പലത്തിൻ്റെ വികസനത്തിൽ നാഴികക്കല്ലാണ് ആധുനിക മത്സ്യ മാർക്കറ്റെന്ന് അദ്ദേഹം പറഞ്ഞു.
രൂക്ഷമായ കടലാക്രമണം തടയാൻ ഞാറക്കൽ, നായരമ്പലം, പള്ളിപ്പുറം തീരങ്ങളിൽ സിന്തെറ്റിക് ജിയോ ട്യൂബ് സ്ഥാപിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക, സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തി പിടിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.
നായരമ്പലം മത്സ്യമാർക്കറ്റ് 2.76 കോടി രൂപ ചെലവിലാണ് ആധുനിക സംവിധാനങ്ങളോടെ പുനർ നിർമ്മിക്കുന്നത്. പല കാരണങ്ങളാൽ വർഷങ്ങൾ നീണ്ടുപോയ മത്സ്യ മാർക്കറ്റ് പുനർനിർമ്മാണം ഇപ്പോൾ കിഫ്ബി ധനസഹായത്തോടെ, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ നിർവ്വഹണച്ചുമതല വഹിക്കുന്നു. മത്സ്യമാർക്കറ്റിൻ്റെ വികസന സാധ്യതകൾ പരിഗണിച്ച് 2 നിലകളിലായി 406 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടാകും പുതിയ കെട്ടിടത്തിന്.
274 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒന്നാം നിലയിൽ മത്സൃവിപണനത്തിനായി 10 സ്റ്റെയിൻലെസ് സ്റ്റീൽ ഫിഷ് സ്റ്റാളുകൾ, ഫ്രീസർ റൂം, മത്സ്യം വൃത്തിയാക്കുന്നതിന് പ്രിപ്പറേഷൻ റൂം, 5 ടോയ്ലെറ്റുകൾ, ഭിന്ന ശേഷിക്കാർക്കായി ടോയ്ലെറ്റ്, 110 ചതുരശ്ര മീറ്ററിൽ ലേലഹാൾ എന്നിവയുണ്ടാകും. 132 ചതുരശ്രമീറ്റർ വരുന്ന രണ്ടാം നിലയിൽ ഓഫീസ്, വിശ്രമമുറി, മത്സ്യത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്വാളിറ്റി കൺട്രോൾ റൂം എന്നിവയാണ്.
ബ്ലോക്ക് പ്രസിഡൻ്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ബി ഷൈനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ്, വൈസ് പ്രസിഡൻ്റ് ജോബി വർഗീസ്, കെ.എസ്.സി.എ.ഡി.സി ചീഫ് എഞ്ചിനീയർ ടി.വി ബാലകൃഷ്ണൻ, മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് എ.ജി ഫൽഗുണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മാജ ജോസ് പി എന്നിവർ പങ്കെടുത്തു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
- Log in to post comments