സൗന്ദര്യം വീണ്ടെടുത്ത് കണ്ണൻകുളം ;നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ
കണ്ണിന് കുളിർമയും മനസിന് ആഹ്ലാദവും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദവും പകരാനൊരുങ്ങി ചേരാനല്ലൂർ പഞ്ചായത്തിലെ കണ്ണൻ കുളം. ഏറെ നാളായി ഉപയോഗശൂന്യമായിരുന്ന കുളം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള കുളം ബോർഡിൻ്റെ അനുമതിയോടെയാണ് പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കുന്നത്.
പഞ്ചായത്തിലെ നാലാം വാർഡിൽ 58 സെൻ്റ് സ്ഥലമാണ് നവീകരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും ഏറ്റെടുത്തിരിക്കുന്നത്. കുളം സ്ഥിതി ചെയ്യുന്ന 25 സെന്റ് കരിങ്കൽ പടവുകൾ കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചത്. ഭാവിയിൽ ഈ പ്രദേശത്തെ കുടിവെള്ള സ്രോതസ്സായി ഇത് ഉപയോഗിക്കാം.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വകയിരുത്തിയ1.51 കോടിയുടെ പദ്ധതിയാണ് ഇറിഗേഷൻ വകുപ്പ് മുഖേന ടെണ്ടർ
നടപടി പൂർത്തീകരിച്ച് നിർമ്മാണം
ആരംഭിച്ചത്.
കുളം നവീകരണത്തിന് ശേഷം ബാക്കിയുള്ള ഭാഗത്ത് ഓപ്പൺ ജിംനേഷ്യം, പാർക്ക്, ഓപ്പൺ സ്റ്റേജ്, പൂന്തോട്ടം, ഹൈമാസ് ലൈറ്റ് എന്നിവയുടെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ടി ജെ വിനോദ് എംഎൽഎയുടെ ഫണ്ടിൽനിന്നും അനുവദിച്ച 90 ലക്ഷം രൂപ മുടക്കിയാണ് ഇത്തരം സൗകര്യങ്ങളും യാഥാർത്ഥ്യമാക്കുന്നത്.
പഞ്ചായത്തിലെ ജനങ്ങളുടെ
ഏറെ നാളത്തെ ജനകീയ ആവശ്യമായിരുന്ന പദ്ധതി രണ്ടുമാസം കൊണ്ട് യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കുളം നവീകരണത്തോടൊപ്പം മറ്റ് വികസന പ്രവർത്തനങ്ങളും പൂർത്തിയാകുന്നതോടെ പ്രദേശം ഒരു സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേഷ് പറഞ്ഞു.
- Log in to post comments