Skip to main content

വൈപ്പിനില്‍ എല്ലാ ഹൈസ്‌കൂളുകളിലും ഇ - ലൈബ്രറി : സംസ്ഥാനത്ത് ഇതാദ്യം

വൈപ്പിന്‍ മണ്ഡലത്തിലെ എല്ലാ എച്ച്എസ്എസ്, വിഎച്ച്എസ്ഇ, ഹൈസ്‌കൂളുകളിലും ഇ - ലൈബ്രറികള്‍ ആരംഭിക്കുന്നു. ജൂലൈ 29 രാവിലെ 10 മണിയ്ക്ക് പള്ളിപോര്‍ട്ട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ മൈതാനത്ത് മണ്ഡലത്തിലെ ഇ - ലൈബ്രറിയുടെ ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും.. ചടങ്ങില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. 

 

എല്ലാ ഹൈസ്‌കൂളുകളിലും ഡിജിറ്റല്‍ ലൈബ്രറിയുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായി ഇതിലൂടെ വൈപ്പിന്‍ മാറും. 

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഏറ്റവും മികച്ച പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഡിജിറ്റല്‍ ലൈബ്രറിക്കൊപ്പം വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടാനുതകുന്ന പരിശീലന പരിപാടികളും പദ്ധതിയുടെ ഭാഗമായി നടത്തും. പ്രഗത്ഭരുടെ പ്രസിദ്ധമായ രചനകള്‍ മുതല്‍  

 പുതിയ എഴുത്തുകാരുടെ രചനകള്‍ വരെ ലൈബ്രറിയില്‍ ലഭ്യമാകും. 

 

നീറ്റ്, ജെ ഇ ഇ, ബാങ്ക്, പി എസ് സി, പരീക്ഷകള്‍, ഐ എ എസ്, കെ എ എസ് തുടങ്ങിയ സിവില്‍ സര്‍വ്വീസ് പരീക്ഷകളുടെ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇ - ലൈബ്രറിയിലൂടെ ലഭിക്കും. സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, തുടക്കക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും യോജിച്ച സിലബസുകള്‍, നിത്യജീവിതത്തിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമുതകുന്ന സംഭാഷണങ്ങളെ കേന്ദ്രീകരിക്കുന്ന പഠന രീതികള്‍ എന്നിവയും ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്നും ലഭ്യമാകും.   

 

രണ്ടര കോടി രൂപ ചിലവഴിച്ച് മണ്ഡലത്തില്‍ ആകെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു പുറമെ വീട്ടമ്മമാര്‍, തൊഴിലന്വേഷകര്‍, വയോധികര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് ഇ - ലൈബ്രറി പ്രയോജനപ്രദമാകും.

 

ജിത ജോണി, ഭാസ്‌കരന്‍ അയ്യമ്പിള്ളി എന്നിവരെ ചടങ്ങില്‍ ആദരിക്കും. 

 

ഉദ്ഘാടന സമ്മേളനത്തില്‍ കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് സെക്രട്ടറി എബ്രഹാം മാത്യു, ബിപിസിഎല്‍ ജനറല്‍ മാനേജര്‍ കെ ജോണ്‍സണ്‍, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍ റോക്കി റോബിന്‍ കളത്തില്‍,

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, ഡിഡി വിദ്യാഭ്യാസം സുബിന്‍ പോള്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ അജി ജോണ്‍, ബിപിസിഎല്‍ സിഎസ്ആര്‍ ഹെഡ് ജോര്‍ജ് തോമസ്, സിപ്പി പള്ളിപ്പുറം, റിലയന്‍സ് ജിയോ അസോ. വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, സ്മാര്‍ട്ട് ഇ ത്രീ സൊലൂഷന്‍സ് എംഡി ഗോകുല്‍ ഗോവിന്ദ്, ഹെഡ്മാസ്റ്റര്‍ പി എ സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും.

 

  

date