പബ്ലിക് ഹെല്‍ത്ത് ലാബ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ, സാമൂഹ്യനീതി, വനിതാശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ലാബ് ഉദ്ഘാടനം ചെയ്തു. ചികിത്സാ ചെലവിന്റെ വലിയൊരു ഭാഗം ലാബ് പരിശോധനകള്‍ക്കാണ് ചെലവഴിക്കേണ്ടിവരുന്നതെന്നും ഈ സ്ഥിതി മാറാന്‍ പബ്ലിക് ഹെല്‍ത്ത് ലാബുകളുടെ പ്രവര്‍ത്തനം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് തീര്‍ത്തും സൗജന്യമായ സേവനമാണ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ ലഭിക്കുക. എപിഎല്‍ വിഭാഗക്കാരില്‍ നിന്ന് നാമമാത്രമായ പരിശോധനാഫീസ് ഈടാക്കും. സ്വകാര്യ ലാബുകളുടെ പരിശോധനാഫീസുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മന്ത്രി വിശദീകരിച്ചു. ജില്ലയില്‍ 16 പ്രാഥമാകാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തി. 42 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും ജില്ലയുടെ ആരോഗ്യ വികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭാ അധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍, അസി.കലക്ടര്‍ വികല്പ് ഭരദ്വാജ്, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ എസ്, ഡിഎംഒ ഡോ. കെ.സക്കീന, ഡോ. അബിനി കെ.ഇ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments