Skip to main content

പൊന്നാനി മാതൃശിശു ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനിയിലെ  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഡിസംബര്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കിടത്തി ചികിത്സയ്ക്ക് താലൂക്ക് ആശുപത്രി മാത്രമുള്ള മണ്ഡലത്തില്‍ മാതൃ ശിശു ആശുപത്രിയുടെ പ്രവര്‍ത്തനം  പൊന്നാനിയുടെ ആരോഗ്യരംഗത്തെ വന്‍ മുന്നേറ്റമായിരിക്കും.
23 കോടി രൂപ ചെലവഴിച്ചാണ്  ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ ശിശു ആശുപത്രി  സജ്ജമാകുന്നത്. 2017 ല്‍ സര്‍ക്കാര്‍ 85 തസ്തികകളാണ് ആശുപത്രിയിലേക്ക് അനുവദിച്ചത്.  ഒന്നിച്ച് ഇത്രയും തസ്തികകള്‍ ഒരു ആശുപത്രിയ്ക്ക് അനുവദിക്കുന്നത് സംസ്ഥാനത്ത്  തന്നെ അപൂര്‍വ്വമാണ്.
കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകള്‍, ആധുനിക രീതിയിലുള്ള ഏ.സി ഓപ്പറേഷന്‍ തീയേറ്ററുകള്‍,   പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ , സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിംഗ്, ഫാര്‍മസി, എക്‌സറേ, കാരുണ്യ ഫാര്‍മസി, കാന്റീന്‍,  അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ മാതൃ ശിശു ആശുപത്രിയിലുള്ളത്. കൂടാതെ ആശുപത്രിയില്‍ ലാന്‍സ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാര്‍ക്കിങ്  തുടങ്ങി മെച്ചപ്പെട്ട സൗകര്യങ്ങളാണുള്ളത്.
  2017 നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച മാതൃ ശിശു ആശുപത്രിയില്‍ ഇപ്പോഴും  മികച്ച രീതിയിലാണ് ഒ.പി നടക്കുന്നത്.   

date