ആരോഗ്യത്തോടൊപ്പം രുചിയും; 'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയ്ക്ക് തുടക്കമായി
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക മാസത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരം ബലപ്പെടുത്തുന്നതിനും വേണ്ടി തനതായ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുക, പുതു തലമുറയ്ക്ക് അന്യമാകുന്ന പരമ്പരാഗത രുചികള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഉലുവ, ചെറുപയര്‍, ഞവരയരി, അശാളി, ചതകുപ്പ, ജീരകം എന്നിവ ചേര്‍ത്ത് വേവിച്ച് കൂര്‍ക്കഇല ഉള്‍പ്പെടെ പത്തോളം ഔഷധ സസ്യങ്ങളും പശുവിന്‍ നെയ്യും തേങ്ങാപ്പാലും ചേര്‍ത്ത് ഉണ്ടാക്കുന്ന ഔഷധ കഞ്ഞിയാണ് മേളയുടെ പ്രധാന ആകര്‍ഷണം. 80 രൂപയുടെ ഔഷധ കഞ്ഞിക്കൊപ്പം വന്‍പയര്‍ മത്തന്‍ പുഴുക്ക്, പപ്പായ പുളിങ്കറി, തേങ്ങ ചമ്മന്തി എന്നിവയും ലഭിക്കും. പാല്‍ കപ്പ, ചെണ്ട കപ്പ, കപ്പ ബിരിയാണി, മുളയരി പായസം, ചക്കപായസം, പാല്‍പായസം എന്നിവയും ഭക്ഷ്യമേളയില്‍ ലഭിക്കും. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകള്‍, പലഹാരങ്ങള്‍, പായസങ്ങള്‍, റവപ്പൊടി, ചെറുധാന്യങ്ങള്‍ കൊണ്ടുള്ള അവല്‍, കൂവപ്പൊടി, മഞ്ഞള്‍, മസാല പൊടികള്‍, ഇന്റഗ്രേറ്റഡ് ഫാമിങ്ങ് ക്ലസ്റ്ററുകള്‍ ഉല്‍പാദിപ്പിക്കുന്ന വിവിധയിനം അരി, കര്‍ക്കിടക മരുന്ന്, പോഷകപൊടി, കര്‍ക്കിടക കിറ്റ് തുടങ്ങിയ നാടന്‍ ഉല്‍പ്പന്നങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. ഭക്ഷ്യമേള ജൂലൈ 31 ന് അവസാനിക്കും.
- Log in to post comments