Skip to main content
ഉടുമ്പന്‍ചോല താലൂക്കിലെ വില്ലേജ് ഓഫീസുകളെ ബന്ധിപ്പിച്ചുകൊണ്ട് മൊബൈല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.

കലക്ടറേറ്റിനെ വില്ലേജ് ഓഫീസുകളുമായി കൂട്ടിയിണക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വന്നു

 

-- 

 

 

 

സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണരംഗത്ത് നൂതന കാല്‍വെപ്പുമായി ഇടുക്കി ജില്ലാഭരണകൂടം. ജില്ലയിലെ അഞ്ച് താലൂക്കുകളെ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റുമായി ഡെസ്‌ക്‌ടോപ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കിയതിന് പിന്നാലെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട്‌ഫോണുകളിലൂടെ കലക്ടറേറ്റിനെയും താലൂക്കുകളെയും കൂട്ടിയിണക്കി ഇടുക്കിയെ മിടുക്കി(ങശറൗസസശ)യാക്കി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം നിലവില്‍ വന്നു.

ഉടുമ്പന്‍ചോല താലൂക്കിന് കീഴിലുള്ള 18 വില്ലേജ് ഓഫീസുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. തിങ്കളാഴ്ച (നവംബര്‍ 19) രാവിലെ രാജാക്കാട് വില്ലേജ് ഓഫീസില്‍ മന്ത്രി എം.എം മണി ജില്ലാകലക്ടര്‍ ജീവന്‍ബാബുവുമായി മൊബൈല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്  നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ പി. ഭാനുകുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ റോയി ജോസഫ്, ഐ.ടി.സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കെ ഐസക് എന്നിവര്‍ പങ്കെടുത്തു.

 

ജില്ലയുടെ പ്രത്യേക ഭൂപ്രകൃതി അനുസരിച്ച് ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരുമായി നേരിട്ട് സംവദിക്കുവാന്‍ കഴിയുന്നത് ജില്ലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ കൂടുതല്‍ സഹായിക്കുമെന്ന് മാത്രമല്ല സ്മാര്‍ട്ട് ഫോണ്‍ വഴിയും കണക്ട് ചെയ്യാവുന്നതിനാല്‍ ദുരിതമേഖലയെപ്പറ്റി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ ഇതിലൂടെ  സാധിക്കും. എന്‍.ഐ.സി, കേരള സംസ്ഥാന ഐ.ടി മിഷന്‍  എന്നിവയുടെ നേതൃത്വത്തിലാണ് ഇ സംവിധാനം ഒരുക്കിയത്. 

ഇടുക്കിയെ ഡിജിറ്റല്‍ കാര്യത്തില്‍ മിടുക്കിയാക്കുക എന്ന  ലക്ഷ്യത്തോടെയാണ്  നിരവധി ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നത്.  ഉടുമ്പന്‍ചോല  താലൂക്കിന് കീഴിലുളള വില്ലേജ് ഓഫീസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കണക്ട് ചെയ്തതുപോലെ ജില്ലയിലെ മറ്റ് താലൂക്കിന് കീഴിലുളള മുഴുവന്‍ വില്ലേജ് ഓഫീസുകളെയും നവംബര്‍ 30നകം ഈ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്ന് കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍  നിവേദ് എസ്. അറിയിച്ചു. 

പ്രതിമാസ കോണ്‍ഫറന്‍സിനും അത്യാവശ്യഘട്ടങ്ങളിലൊഴികെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് താലൂക്ക് ഓഫീസില്‍ പോകേണ്ട സാഹചര്യം ഇതുമൂലം ഒഴിവാക്കാനാകും. വില്ലേജ് ഓഫീസുകളില്‍ നിന്നും താലൂക്കിലേക്കും കലക്ടറേറ്റിലേക്കും തിരിച്ചുമുള്ള യാത്രമൂലം ഒരു പ്രവൃത്തി ദിവസം  പൂര്‍ണ്ണമായും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനാകും. മാത്രമല്ല വില്ലേജ് ഓഫീസര്‍മാര്‍ ഫീല്‍ഡില്‍ പോകുന്ന സന്ദര്‍ഭത്തിലും തഹസീല്‍ദാരുമായും ജില്ലാകലക്ടറുമായി നേരിട്ട് ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും മൊബൈല്‍ ഗവേണന്‍സിലൂടെ കഴിയുമെന്ന് ജില്ലാകലക്ടര്‍ ജീവന്‍ബാബു പറഞ്ഞു.

date