Skip to main content
അത്തിത്തട്ടിൽ പ്രവർത്തിക്കുന്ന ഇരിട്ടി നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻ്റുകൾ

ശുചിത്വസുന്ദര നഗരമാകാൻ ഇരിട്ടി

ശുചിത്വ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി കേന്ദ്രസർക്കാറിന്റെ 2024 ലെ സ്വച്ഛ് സർവേക്ഷൻ സർവേയിൽ 250ാം സ്ഥാനം ലഭിച്ച ഇരിട്ടി നഗരസഭ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി മുന്നോട്ട്.

ഉറവിട മാലിന്യ സംസ്‌കരണത്തിലൂന്നിയാണ് നഗരസഭയുടെ മാലിന്യ നിർമാർജന പദ്ധതികൾ പ്രവർത്തിക്കുന്നത്. വീടുകളിലെ മാലിന്യം സംസ്‌കരിക്കാൻ നഗരസഭാ പരിധിയിലുള്ള ഭൂരിഭാഗം വീടുകളിലും റിംഗ് കമ്പോസ്റ്റ് എത്തിച്ചിട്ടുണ്ട്. 10 ശതമാനം വീടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഹരിത കർമസേനയുടെ വാതിൽപ്പടി ശേഖരണത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും കൃത്യമായി നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കുന്നു. ഹരിതകർമ സേനയിൽ 70 പേരാണ് അംഗങ്ങളായിട്ടുള്ളത്. മാസ്‌ക്, ഗ്ലൗസ്, ഗം ബൂട്ട്, യൂണിഫോം, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ നൽകിയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയുമാണ് ഇവർ പ്രവർത്തനം നടത്തിവരുന്നത്. ശേഖരിച്ച മാലിന്യങ്ങൾ സംഭരിക്കാനും സംസ്‌കരിക്കാനും നഗരസഭയുടെ കീഴിൽ ഒരു സ്ഥിരം എം സി എഫും നാല് കണ്ടെയ്‌നർ എം സി എഫുകളും 75 മിനി എംസിഎഫുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നഗരസഭാ പരിധിയിൽ പലയിടങ്ങളിലായി 66 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇരിട്ടി ടൗണിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ശേഖരിച്ച് അത്തിത്തട്ടിൽ പ്രവർത്തിക്കുന്ന വിൻഡ്രോ കമ്പോസ്റ്റ്, തുമ്പൂർമുഴി സംവിധാനങ്ങളിലൂടെ കമ്പോസ്റ്റ് വളമാക്കി ജൈവാമൃതം എന്ന പേരിൽ വിൽപന നടത്തുന്നുണ്ട്. ഇതിലൂടെ മികച്ച വരുമാനമാണ് നഗരസഭയ്ക്കു ലഭിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ 28 സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിച്ച് കുറ്റക്കാർക്കെതിരേ പിഴ ഈടാക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നതിനെതിരേ സാമൂഹ്യാവബോധം വളരാൻ പൊതുയിടങ്ങളിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരിട്ടി നഗരത്തിലുള്ള ടേക്ക് എ ബ്രേക്ക് പരിസരത്ത് ഗ്രീൻ ലീഫ് സൊസൈറ്റിയുടെ സഹകരണത്തോടെ ചെറിയ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ മാലിന്യം തള്ളിയിരുന്ന സ്ഥലമാണ് വേലി കെട്ടി തിരിച്ച് മനോഹരമാക്കിയത്. വിവിധ ക്യാമ്പയിനുകളിലൂടെയും പദ്ധതികളിലൂടെയും ശുചിത്വാവബോധം വർധിപ്പിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് നഗരസഭ ശുചിത്വരംഗത്ത് വൻമുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിട്ടി പുഴ ഉൾക്കൊള്ളുന്ന നഗരസഭയെന്ന നിലയിൽ മാലിന്യ സംസ്‌കരണത്തിന് കൂടുതൽ പ്രധാന്യം നൽകിയാണ് ഇവിടെ പദ്ധതികൾ നടപ്പാക്കുന്നത്.

date