Skip to main content

ജീവജാലങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തുറന്ന് കാട്ടി അജീബ് കോമാച്ചിയുടെ ' മാനിഷാദ'

ഭൂമി മനുഷ്യനു മാത്രമുള്ളതല്ലെന്നും സൂഷ്മ ജീവികള്‍ മുതല്‍ വന്യജീവികള്‍ക്കു വരെ അവകാശപ്പെട്ടതാണെന്ന സന്ദേശം ഓര്‍മപ്പെടുത്തി പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. മലപ്പുറം ഗവ. കോളേജ് എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. മനുഷ്യരില്‍ നിന്നും മറ്റു ജീവികള്‍  അനുഭവിക്കേണ്ടി വരുന്ന കൊടും ക്രൂരതകളുടെ നേര്‍ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
വനത്തിലെ സൈ്വര വിഹാരത്തിനിടയില്‍ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടു ചതഞ്ഞരഞ്ഞു പോയ ഒട്ടേറെ മൃഗങ്ങളുടെ ദയനീയചിത്രം  പ്രദര്‍ശനത്തിലുണ്ട്. ആനകളെ സ്നേഹിക്കുകയെന്ന പേരില്‍ പീഡിപ്പിക്കുന്നതിന്റെയും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളെ കൂട്ടിലിട്ട് ആ ജീവനാന്ത ശിക്ഷ നല്‍കുന്നതിന്റെയും വഴിതെറ്റി നാട്ടിലെത്തിയാല്‍ വന്യജീവികള്‍ക്കുണ്ടാകുന്ന ദുരന്തത്തിന്റെയും തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കോഴിക്കോട് നഗരത്തിലിറങ്ങി വികൃതി കാണിച്ച കുരങ്ങിനെ നഗരവാസികള്‍ കൂട്ടത്തോടെ അടിച്ചു കൊന്നു ഘോഷയാത്ര നടത്തിയതിന്റെ ചിത്രങ്ങളും ചത്ത കന്നുകാലിയെ കൈകാലുകള്‍ കൂട്ടിക്കെട്ടി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചതിന്റെ ചിത്രങ്ങളും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നവയാണ്.
ഫോട്ടോ പ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  സി. അയ്യപ്പന്‍  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എസ് . മായ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഐ . സമീല്‍ മുഖ്യാതിഥിയായി. പി.ടി.എ വൈസ് പ്രസിഡന്റ് കണ്ണിയന്‍ മുഹമ്മദലി, എന്‍.എസ.്എസ്പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ,  ആമിന പൂവഞ്ചേരി എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനത്തിന് വിദ്യാര്‍ഥികളുടെയും അധ്യാപക അനധ്യാപകരുടെയും സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. വളണ്ടിയര്‍മാരായ ആസിഫലി , ശരണ്യ , ശഹീദ ഷെറിന്‍ , അംന എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി .

 

date