നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും തുക അനുവദിക്കും : ഡോ.പി.കെ. ബിജു എംപി
ആലത്തൂര്‍ ലോക്‌സഭ മണ്‌ഡലത്തില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ വിവിധ നിയോജക മണ്‌ഡലങ്ങളില്‍ എംപി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഇനിയും തുക ആവശ്യമെങ്കില്‍ അനുവദിക്കുമെന്ന് ഡോ. പി.കെ. ബിജു എംപി. സാമ്പത്തിക പ്രതിസന്ധി മൂലം തുടങ്ങിവച്ച നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങരുതെന്നും ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന എംപി.ഫണ്ട് വിനയോഗ അവലോകന യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജനുവരി 15 നകം മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണം. വടക്കാഞ്ചേരി, ദേശമംഗലം, മുളങ്കുന്നത്തുകാവ് ആരോഗ്യ കേന്ദ്രങ്ങളില്‍ എംപി ഫണ്ടില്‍ അനുവദിച്ചിട്ടുള്ള ആംബുലന്‍സുകള്‍ ഉടന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് എംപി നിര്‍ദ്ദേശം നല്‍കി.
പഴഞ്ഞി, പഴയന്നൂര്‍ ഹൈസ്‌കൂളുകളില്‍ സ്‌കൂള്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഇനിയും തുക ആവശ്യമാണെന്ന പ്രധാനാധ്യാപകരുടെ അഭിപ്രായത്തെ തുടര്‍ന്ന് ബാക്കി തുക അനുവദിക്കാമെന്നും എംപി ഉറപ്പുനല്‍കി. വിവിധ പഞ്ചായത്തുകളില്‍ തുടങ്ങി വച്ചിട്ടുള്ള കുടിവെള്ള പദ്ധതികള്‍, റോഡ് നിര്‍മ്മാണം, പട്ടികജാതി കോളനികളിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഉദ്യോഗസ്ഥരോട് എംപി നിര്‍ദ്ദേശിച്ചു. സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി എംപി ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ, പ്ലാനിങ് ഓഫീസര്‍ ടി.ആര്‍. മായ, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments