സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പ്രത്യേക സംഘം പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ജില്ലാ വികസന സമിതി തീരുമാനം
ജില്ലയിലെ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഈ അധ്യയന വര്‍ഷം ലഭിച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചനീയര്‍മാരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സംഘം തിങ്കളാഴ്ച മുതല്‍ നേരിട്ടെത്തി പരിശോധിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.
ജൂലൈ 30 നുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും
യോഗം നിര്‍ദ്ദേശം നല്‍കി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസിന്‍രെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ് നെസ് സംബന്ധിച്ച് എച്ച് സലാം എം എല്‍ എ യാണ് വിഷയം അവതരിപ്പിച്ചത്.സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റനസുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അവ പെട്ടെന്ന് പരിശോധിച്ചു പരിഹാരം കാണണമെന്ന് എം എല്‍ എ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലാ കോടതി പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മത്സ്യകന്യകയുടെ ശില്പം മാറ്റി സ്ഥാപിക്കുന്നതാണോ പുതുക്കി പണിയുന്നതാണോ അനുയോജ്യം എന്നതിനെപ്പറ്റി തീരുമാനം എടുക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേരാനും പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എയും എച്ച് സലാം എം.എല്‍.എയും വികസന സമിതിയില്‍ ആവശ്യപ്പെട്ടു.
മഴയെ തുടര്‍ന്ന് ദേശീയപാതയിലും സമീപപ്രദേശങ്ങളിലെ വീടുകളിലും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഓടകളിലൂടെ മഴവെള്ളം ഒഴുകി പോകുന്നതിന് ശാസ്ത്രീയമായ പരിഹാരം നടപ്പിലാക്കണമെന്നും എം എല്‍ എ മാര്‍ ദേശീയ പാത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലപ്പുഴ നഗര സഭ പ്രദേശങ്ങളിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എച്ച് സലാം എം എല്‍ എ പറഞ്ഞു.
തെരുവ് നായ ശല്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി രൂപം നല്‍കിയ പദ്ധതികള്‍ നടപ്പാക്കുവാന്‍ കാലതാമസം ഉണ്ടാകരുതെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ പറഞ്ഞു. ജില്ലയിലെ പ്രശസ്തമായ മാരാരിക്കുളം ബീച്ചില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ തെരുവ് നായ ശല്യത്തിന് ഉടനെ പരിഹാരം കാണണമെന്നും എം എല്‍ എ പറഞ്ഞു.
കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായ ആലപ്പുഴ എ ബി സി സെന്ററിന്റെ
ചുറ്റുമതില്‍ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തികരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുതുകുളം, ഹരിപ്പാട് ബ്ലോക്കുകള്‍, ഹരിപ്പാട്, കായംകുളം നഗരസഭകള്‍ എന്നിവയ്ക്കുള്ള മുതുകുളം എ ബി സി സെന്ററിന് മുതുകുളം ബ്ലോക്ക് പരിധിയില്‍ സ്ഥലം ലഭ്യമായിട്ടുണ്ടെന്നും സില്‍ക്ക് മുഖേന കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്ലോക്കുകള്‍ക്കുള്ള പട്ടണക്കാട് സെന്റര്‍ , മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകള്‍, മാവേലിക്കര നഗരസഭഎന്നിവയ്ക്കുള്ള മാവേലിക്കര സെന്റര്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിലായി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയും നീരേറ്റുപുറം ജലശുദ്ധീകരണശാലയുടെ പ്ലാന്റ് നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തികരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന്
തോമസ് കെ തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. നീലംപേരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചതിനാല്‍ ഉദ്ഘാടനം ഉടനെ നടത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിന്റെ ചുറ്റുമതില്‍ എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്നും ഗ്യാസ് പൈപ്പ് ലൈന്‍ ഇടുന്നതിനായി നഗരത്തില്‍ കുഴിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും കെ സി വേണുഗോപാല്‍ എം പി യുടെ പ്രതിനിധി എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.
നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും എ സി റോഡില്‍ വെള്ളം കയറിയതിന് പരിഹാരം കാണണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി കെ ഗോപകുമാര്‍ ആവശ്യപ്പെട്ടു.
(പിആര്‍/എഎല്‍പി/2159)
- Log in to post comments